മലയാറ്റൂർ കാരക്കാട് : പാണ്ഡ്യൻചിറയിൽ പശുവിനെയും കിടാരിയെയും കൊന്നത് പുലി
1580822
Sunday, August 3, 2025 5:06 AM IST
കാലടി: മലയാറ്റൂർ കാരക്കാട് ഫോറസ്റ്റ് ഓഫീസിന് സമീപം യൂക്കാലി പാണ്ഡ്യൻചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പറമ്പുകളിൽ മേഞ്ഞ് നടന്നിരുന്ന കറവപ്പശുവിനെയും, കിടാരിയെയും കടിച്ച് കൊന്നത് പുലിയെന്ന് സ്ഥീരികരിച്ചതായി കാരക്കാട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയഞ്ച് ഓഫിസർ കെ അനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതായ് അദ്ദേഹം പറഞ്ഞു. മേൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നല്കി. എൻ ടി പി എ കമ്മറ്റിയുടെ നേതൃത്വത്തിലായിരിക്കും കൂടു വെയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.
ക്ഷീര കർഷകനായ ചേല ചുവട് ആപ്പിള്ളി വീട്ടിൽ പാപ്പുട്ടന്റെ വളർത്ത് പശുവിനെയും നടുവട്ടം പൂണേലി ജോഷിയുടെ പശു കിടാരിയെയുമാണ് പുലി കടിച്ച് കൊന്നത്. പുലിയെന്ന് സ്ഥീരികരണം ലഭിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പകലും, രാത്രിയും ഈ മേഖലയിൽ ഒഴിഞ്ഞ പറമ്പുകളിലേക്ക് കന്നുകാലികളെ മേയാൻ വിടരുത്. മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്കി.
പകലും, രാത്രിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് ആരംഭിച്ചു. ആൾ താമസമില്ലാതെ കിടക്കുന്ന പറമ്പുകളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഭൂവുടമകൾ വെട്ടിത്തെളിച്ച് മാലിന്യ മുക്തമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ അറിയിച്ചു.