കൊച്ചി അഴിമുഖത്ത് അപകട ഭീഷണിയുയർത്തി മത്സ്യബന്ധനയാനങ്ങൾ
1581537
Tuesday, August 5, 2025 8:21 AM IST
ഫോർട്ടുകൊച്ചി: അഴിമുഖത്ത് യാത്രാ ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും അപകട ഭീതിയുണർത്തി വീണ്ടും മത്സ്യബന്ധന യാനങ്ങൾ. ഫോർട്ട്കൊച്ചി കമാലക്കടവിൽ ഇന്ധനം നിറക്കുന്നതിനും തൊഴിലാളികളെ ഇറക്കുന്നതിനുമായി എത്തുന്ന യാനങ്ങളാണ് അപകടത്തിന് കാരണമാകുന്നത്.
ഈ യാനങ്ങൾ നിയന്ത്രണം വിടുന്നത് ഇവിടത്തെ ചീനവലകൾക്കും ഭീഷണിയായി മാറുന്ന സാഹചര്യമാണ്. നേരത്തേ നിയന്ത്രണം വിട്ട യാനം ഇടിച്ച് ചീനവല തകർത്തിരുന്നു. അന്ന് ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. യാനങ്ങൾ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ജെട്ടിയിൽ ഇടിച്ച് ജെട്ടി തകർന്നത് രണ്ട് തവണയാണ്. ടൂറിസ്റ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ കെട്ടഴിഞ്ഞ് പോകുന്നതും കൊച്ചി അഴിമുഖത്ത് ടൂറിസ്റ്റ് ബോട്ടുകൾക്ക് അപകട ഭീഷണിയാകുന്നുന്നുണ്ട്. 10 ൽ കൂടുതൽ ബോട്ടുകളാണ് ഒരേ സമയം ടൂറിസ്റ്റ് ബോട്ടുജെട്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപം നിരന്നു കിടക്കുന്നത്. ഇത് പലപ്പോഴും കയറ് പൊട്ടി അപകടകരമായ അന്തരീഷമുണ്ടാക്കാറുണ്ട്.
ഇത് മൂലം വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും മത്സബന്ധന ബോട്ടുകളുടെ യന്ത്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് മൂലമുണ്ടാകുന്ന ഓളങ്ങളിൽ ആടിയുലയുന്ന സാഹചര്യവുമുണ്ട്. സ്കൂളുകളിൽ നിന്ന് വിനോദ സഞ്ചാരത്തിന് വരുന്ന കുട്ടികൾ ഉൾപെടെയുള്ളവരാണ് ടൂറിസ്റ്റ് ബോട്ടുകളിൽ ഉണ്ടാകുന്നത്. ഭീകരാന്തരീഷം തരണം ചെയ്താണ് അവർ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നത്. ഈ ഭാഗത്ത് തന്നെയാണ് 2015-ൽ മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടിലിടിച്ച് 11 പേരുടെ ജീവനുകൾ നഷ്ടമായത്.