കൂത്താട്ടുകുളം നഗരസഭ: അവിശ്വാസപ്രമേയം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എൽഡിഎഫ്
1581534
Tuesday, August 5, 2025 8:21 AM IST
കൂത്താട്ടുകുളം: യുഡിഎഫിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരസഭയിൽ അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് നഗരസഭ സമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു. ഭരണസമിതിയുടെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് വികസന പ്രവർത്തനങ്ങളെ തടയുക എന്നതാണ് ലക്ഷ്യം. ഈ ഭരണസമിതിയുടെ കാലത്തെ അവസാന സാമ്പത്തിക വർഷം മാത്രം 20 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികളെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
യുഡിഎഫ് കൗൺസിലർമാർ പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും സംഘടന ശേഷി കൊണ്ട് സംരക്ഷണം ഒരുക്കുമെന്നും എംഎൽഎമാരായ അനൂപ് ജേക്കബ്ബും, മാത്യു കുഴൽ നാടനും പത്ര സമ്മേളനത്തിൽ അറിയിച്ചത്. ഇന്നലെ രാവിലെ ഹൈക്കോടതിയിൽ മാത്യു കുഴലനാടൻ പ്രൊട്ടക്ഷന് ഹർജി നൽകുകയും ചെയ്തു. ഇത്തരം നിലപാടില്ലായ്മയുടെ പ്രതിരൂപമായി യുഡിഎഫ് മാറിയെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, കെ. ചന്ദ്രശേഖരൻ, ബിജോ പൗലോസ്, വിജയ ശിവൻ, ഫെബീഷ് ജോർജ്, അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.
സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് കോൺഗ്രസ്
കൂത്താട്ടുകുളം: സിപിഎം ഏരിയ സെക്രട്ടറി പത്രസമ്മേളനത്തിൽ മാത്യു കുഴലനാടൻ എംഎൽഎ യുഡിഎഫ് കൗൺസിലർമാർക്ക് വേണ്ടി കോടതിയിൽ ഹാജരായി പോലീസ് പ്രൊട്ടക്ഷൻആവശ്യപ്പെട്ടു എന്ന് പറഞ്ഞത് വാസ്തവ വിരുദ്ധമാണ്.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം അദ്ദേഹത്തെ സമീപിച്ച ഏതെങ്കിലും വ്യക്തികൾക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ടാവാം പക്ഷേ അതിൽ ഒരു യുഡിഎഫ് കൗൺസിലറും ഉൾപ്പെടുന്നില്ല എന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രിൻസ് പോൾ ജോൺ പത്രസമ്മേളനത്തിന് മറുപടിയായി അറിയിച്ചു.