എസ്പിസി കേരളത്തിന്റെ നവീന ആശയം: മന്ത്രി പി. രാജീവ്
1580812
Sunday, August 3, 2025 4:30 AM IST
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന് 15-ാം വാർഷികം
ആലുവ: കേരളം രാജ്യത്തിന് സംഭാവന ചെയ്ത നിരവധി നവീന ആശയങ്ങളിൽ ഒന്നാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്പിസി) എന്ന് മന്ത്രി പി രാജീവ്. കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച 15-ാമത് എസ്പിസി ഡേ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിൽ നിയമാവബോധം, അച്ചടക്കം, സാമൂഹ്യ പ്രതിബദ്ധത മാനവികത, നീതിബോധം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ എസ്പിസിയുടെ പങ്ക് വലുതാണ്. 15-ാം വർഷത്തിലും ദൗത്യം വിജയകരമായി നിർവഹിച്ചുകൊണ്ടിരിക്കുകയാണ് എസ്പിസി എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പുതിയതായി എസ്പിസി അനുമതി ലഭിച്ച സ്കൂളുകൾക്കുള്ള അനുമതിപത്രം വിതരണം ചെയ്തു.
മികച്ച എസ്പിസി പ്ലാറ്റൂൺ ആയി കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിനെ തെരഞ്ഞെടുത്തു. മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. പോലീസ് സ്കൂൾ മാസ്റ്റർ അഷ്റഫ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എറണാകുളം ഡിസിപി ജുവനപ്പടി മഹേഷ് പതാക ഉയർത്തി. പത്ത് സ്കൂളുകളിൽ നിന്നുള്ള എസ്പിസി കേഡറ്റുകളുടെ പരേഡ്, തുറന്ന വാഹനത്തിലെ പരേഡ്, സല്യൂട്ട് സ്വീകരണം എന്നീ പരിപാടികൾ നടന്നു. ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, എറണാകുളം റൂറൽ പോലീസ് അഡീ. സൂപ്രണ്ട് എം. കൃഷ്ണൻ, കെ.എം. അൻവർ അലി തുടങ്ങിയവർ പങ്കെടുത്തു.