കോലഞ്ചേരി നഗരത്തിൽ നടപ്പാതകൾ കൈയേറിയുള്ള കച്ചവടം തകൃതി
1581179
Monday, August 4, 2025 4:44 AM IST
നട്ടംതിരിഞ്ഞ് കാൽനട യാത്രികർ
കോലഞ്ചേരി: കോലഞ്ചേരി നഗരത്തിൽ നടപ്പാതകൾ കൈയേറിയുള്ള വഴിയോര കച്ചവടം പൊടിപൊടിക്കുന്പോൾ നട്ടംതിരിഞ്ഞ് കാൽനട യാത്രികർ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോലഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്തുള്ള നടപ്പാതകളാണ് വഴിയോര കച്ചവടക്കാർ കൈയേറിയത്.
കോലഞ്ചേരിയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് പോകാനായി നിൽക്കേണ്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലുള്ള തിരക്കേറിയ സ്ഥലത്താണ് വഴിയോരകച്ചവടക്കാർ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്.
വൈകുന്നേരത്തോടെ വഴിയോര കച്ചവടക്കാരും ചെറു തട്ടുകടകളും തുറന്ന് പ്രവർത്തിക്കുന്നതിനാൽ സ്ഥലത്ത് വൻതിരക്കാണ് അനുഭവപ്പെടുന്നത്. ബസ് കയറാൻ എത്തുന്ന വിദ്യാർഥികൾക്കും സ്ത്രീകളടക്കമുള്ള യാത്രക്കാർക്കും നടപ്പാത വിട്ട് ദേശീയപാത റോഡിലൂടെ വളഞ്ഞുചുറ്റി ബസ് കാത്തിരിപ്പ് സ്ഥലത്ത് എത്തേണ്ട സ്ഥിതിയാണ്.
ഇത് അപകടം വരുത്തിവയ്ക്കാനും ഇടവരുത്തും. അടിയന്തിര നടപടി വിഷയത്തിൽ ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.