തകർന്ന് തരിപ്പണമായി ഓള്‍ഡ് വല്ലം റോഡ്; തിരിഞ്ഞുനോക്കാതെ അധികൃതർ
1581535
Tuesday, August 5, 2025 8:21 AM IST
പെരുമ്പാവൂര്‍: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് കാലടിയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടാനും എയര്‍പോര്‍ട്ടിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും സാധിക്കുന്ന എംസി റോഡില്‍ പെരുമ്പാവൂര്‍ കടുവാളില്‍ നിന്ന് ആരംഭിക്കുന്ന ഓള്‍ഡ് വല്ലം റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നതായി പരാതി.
ഈറോഡ് വികസിപ്പിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. വല്ലംകടവ്-പാറപ്പുറം പാലം യാഥാര്ഥ്യയമായതിന് പിന്നാലെയാണ് ഇത് പ്രയോജനപ്പെടുത്തി പുതിയ എയര്‍പോര്‍ട്ട് റോഡ് എന്ന ആവശ്യം ഉയര്‍ന്നുവന്നത്.
പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും റോഡ് നവീകരിക്കുന്നതിലൂടെ സുഗമമാകും.
പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് ലോഡ് പാറപ്പൊടി അടിച്ച് വലിയ കുഴികള്‍ മൂടിയത് ഒഴിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടുപോലും ഇല്ലത്രേ.
താലൂക്ക് വികസന സമിതിയില്‍ നിരവധി തവണ ഈ ആവശ്യമുന്നയിച്ചിട്ടും പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്ന് മുനിസിപ്പല്‍ ചെയര്മാന് പോള്‍ പാത്തിക്കല്‍ കുറ്റപ്പെടുത്തി.
തകര്‍ന്ന കടുവാള്‍-എയര്‍പോര്‍ട്ട് റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേയ്ക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാജി കുന്നത്താന്‍, അബ്ദുല്‍ നിസാര്‍, താരിശ് ഹസന്, പി.എസ്. അബൂബക്കര്‍, സാദിഖ് അമ്പാടന്‍ എന്നിവര്‍ അറിയിച്ചു.