കൊച്ചി മെട്രോ: ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളില്‍ യുപിഐ സൗകര്യവും
1581188
Monday, August 4, 2025 5:03 AM IST
കൊച്ചി: യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളില്‍ ഇനി യുപിഐ സൗകര്യവും. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തു പണമടച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സേവനം നാളെ മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളില്‍ ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജെല്‍എന്‍ സ്റ്റേഡിയത്തില്‍ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ നിര്‍വഹിക്കും. തിരക്കേറിയ സമയങ്ങളില്‍ ക്യൂ നിന്ന് ടിക്കറ്റെടുക്കുക വഴി യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് മെട്രോ സ്റ്റേഷനുകളില്‍ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ ക്രമീകരിച്ചത്.
യുപിഐ സൗകര്യം വരുന്നതോടെ ഗുഗിള്‍ പേ, ഫോണ്‍പേ പോലുള്ള യുപിഐ അപ്പിലെ ക്യൂആര്‍ കോഡ് സൗകര്യം ഉപയോഗപ്പെടുത്തി ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കെഎംആര്‍എല്‍ ഒരുക്കുന്നത്.
മെഷീനിലെ ടച്ച് സക്രീനില്‍ ആദ്യം ഭാഷ തെരഞ്ഞെടുക്കണം. പിന്നീട് യാത്ര ചെയ്യേണ്ടതായ സ്ഥലം എന്റര്‍ ചെയ്യണം. അപ്പോള്‍ സ്ക്രീനില്‍ ടിക്കറ്റ് നിരക്ക് തെളിയും. ഒപ്പം ക്യൂആര്‍ കോഡും. മൊബൈല്‍ ഫോണിലെ ക്യുആര്‍ കോഡ് ഓപ്പണ്‍ ചെയ്ത് സ്കാന്‍ ചെയ്താല്‍ അക്കൗണ്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നേരിട്ട് ലഭിക്കും. പെയ്മെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ടിക്കറ്റും മെഷീനില്‍ നിന്ന് ലഭിക്കും.
നിലവില്‍ പണം നല്‍കിയാണ് മെഷീനില്‍ നിന്ന് ടിക്കറ്റ് ലഭിച്ചിരുന്നത്. പണം വയ്ക്കുന്നതിനുള്ള പ്രത്യേക ഭാഗം മെഷീനിലുണ്ട്. ബാലന്‍സ് പണം ഉണ്ടേല്‍ അതും മെഷീന് തിരികെ നല്‍കും. ടിക്കറ്റ് വെന്‍ഡിംഗ് മെഷീന് കൂടാതെ വാട്സ് ആപ്പ്, മെട്രോ കാര്‍ഡ് എന്നിവ ഉപയോഗിച്ചും ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും മെട്രോ ഒരുക്കിയിട്ടുണ്ട്.