ഊന്നുകല്ലിൽ കാര്‍ തോട്ടിലേക്ക് ചരിഞ്ഞു; കുഞ്ഞടക്കം യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
1581180
Monday, August 4, 2025 4:45 AM IST
കോതമംഗലം: ഊന്നുകല്ലിൽ കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ സഞ്ചരിച്ച കാര്‍ റോഡരികിലെ തോട്ടിലേക്ക് ചെരിഞ്ഞു. കുഞ്ഞടക്കം യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഊന്നുകല്‍ തേങ്കോട് റോഡില്‍ ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം.
പാലക്കാട് വടക്കുംതറ സ്വദേശി ചോണയില് ആഷിഖും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുവീട്ടില്‍ പോയി മടങ്ങുംവഴിയായിരുന്നു അപകടം. റോഡ് നിറഞ്ഞ് വെള്ളമായതിനാൽ ദിശതെറ്റി കാറിന്റെ പിന്‍വശം തോട്ടിലേക്ക് ചരിഞ്ഞു.
പെട്ടെന്ന് ഡോര്‍ തുറന്ന് കുട്ടിയെ എടുത്ത് രണ്ടുപേരും പുറത്തേക്ക് ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു. കാറിനുള്ളിലേക്ക് വെള്ളം കയറി. സംഭവം അറിഞ്ഞ് ഓടികൂടിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസും അഗ്നി രക്ഷാസേനയും എത്തി ക്രെയിന്‍ സഹായത്തോടെയാണ് കാര്‍ ഉയര്‍ത്തി മാറ്റിയത്.