രായമംഗലത്ത് എല്‍ഇഡി ബള്‍ബ് പുനരുപയോഗത്തിന് ക്ലിനിക്ക്
1581164
Monday, August 4, 2025 4:31 AM IST
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുനരുപയോഗത്തിന്റെ സാദ്ധ്യതാ പഠനം തുടങ്ങി. സയന്‍സ് സെന്റര്‍ തുരുത്തിക്കരയും പെരുമ്പാവൂര്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവും ചേര്‍ന്നാണ് സാധ്യതാപഠനം നടത്തുന്നത്.
ഹരിതകര്‍മ്മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കേടായ എല്‍ഇഡി ബള്‍ബുകള്‍ ശേഖരിക്കും. പരിശീലനം നേടിയ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഇവ ചെറിയ തുക ഈടാക്കിയ ശേഷം നന്നാക്കി തിരികെ നല്‍കുന്നതിന്റെ സാധ്യതയാണ് പഠിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, ഡോ. എന്‍. ഷാജി, പി.എ. തങ്കച്ചന്, ഡോ. ബിനോയ് പീറ്റര്‍, മെമ്പര്‍മാരായ കെ.കെ. മാത്തുകുഞ്ഞ്, കെ.എന്‍. ഉഷാദേവി, ലിജു അനസ്, പഞ്ചായത്ത് സെക്രട്ടറി സി.കെ. സുധീഷ്കുമാര്‍, ഇ.എന്‍. വിജയന്, ലത ഗിരീഷ്, ജമീല എന്നിവര്‍ പങ്കെടുത്തു.