കന്യാസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു
1581530
Tuesday, August 5, 2025 8:21 AM IST
മൂവാറ്റുപുഴ: കന്യാസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി ഫാ. ജോർജ് വള്ളോംകുന്നേല്‍ നേതൃത്വം നൽകി. കൂടാതെ അസിസ്റ്റന്റ് വികാരി ഫാ. അലന് വെട്ടിക്കുഴി, കൈക്കാരന്മാരായ ജോസ് പുല്ലന്‍പ്ലാവില്‍, ഷിബു ചാത്തന്‍കണ്ടം, രാജു കുഴികണ്ടത്തില്‍, വിവിധ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സംഗമം
കോതമംഗലം: മതന്യൂനപക്ഷപീഡനത്തിനും ഭരണഘടന വിരുദ്ധതക്കും എതിരെ ഗ്രീൻവിഷൻ കേരളയുടെ നേതൃത്വത്തിൽ കോതമംഗലം കോഴിപ്പിള്ളി ജംഗഷനിൽ പ്രതിഷേധസംഗമം നടത്തി. കീരംപറ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എകെസിസി രൂപത സെക്രട്ടറിയും ഗ്രീൻവിഷൻ കേരള സംസ്ഥാന ട്രഷറാറുമായ ജിജി പുളിക്കൽ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി മധ്യമേഖല പ്രസിഡന്റ് ജെയിംസ് കോറമ്പേൽ മുഖ്യ പ്രഭാഷണം നടത്തി.
കല്ലൂർക്കാട്: ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി അന്യായമായി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതക്കെതിരേ കോൺഗ്രസ് കല്ലൂർക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിസ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ജോർജ് ഫ്രാൻസിസ്, ജാൻസി ജോമി, തോമസ് മംഗലാമഠം, കെ.കെ. ദിലീപ്, സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം: ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക, ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് കോതമംഗലം നിയോജക മണ്ഡലമം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് പ്രതിക്ഷേധ സംഗമം നടത്തി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവം അപലപനീയമാണെന്നും എൽഡിഎഫ് യോഗം വ്യക്തമാക്കി. ആന്റണി ജോൺ എംഎൽഎ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു.