രാസമാലിന്യം ഒഴുക്കിയ പ്ലൈവുഡ് കമ്പനിക്ക് നോട്ടീസ്
1581531
Tuesday, August 5, 2025 8:21 AM IST
മൂവാറ്റുപുഴ: പണ്ടപ്പിള്ളിയില്‍ എംവിഐപി കനാലിലേക്ക് രാസമാലിന്യം ഒഴുക്കിയ പ്ലൈവുഡ് കമ്പനിക്ക് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് (എംവിഐപി) നോട്ടീസ് നല്കി. മാലിന്യം ഒഴുക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. കമ്പനിയില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കാനും കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനും ആരക്കുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.
പ്ലൈവുഡ് കമ്പനി രാസമാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആരക്കുഴ പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കമ്പനിയുടെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പിഴയീടാക്കാനും സ്റ്റോപ്പ് മെമ്മോ നല്‍കാനും പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചത്.
നൂറുകണക്കിനാളുകളുടെ ജലസ്രോതസാണ് എംവിഐപി പ്രധാന കനാല്‍ ഇതിലേക്കാണ് ചുവന്ന നിറത്തിലുള്ള രാസമാലിന്യം ഒഴുക്കിയത്. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്കിയപ്പോള് നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.