എറണാകുളത്തിന്റെ സ്വന്തം സാനുമാഷ്
1580810
Sunday, August 3, 2025 4:30 AM IST
കൊച്ചി: ജനനം ആലുപ്പുഴയിലെങ്കിലും സാനുമാഷ് എല്ലാ ആർഥത്തിലും എറണാകുളത്തിന്റെ സ്വന്തമായിരുന്നു.മഹാരാജാസ് കോളജിലെ അധ്യാപന കാലം മുതലിങ്ങോട്ട് മാഷ് എറണാകുളത്തിന്റേതും എറണാകുളം മാഷിന്റേതുമായി.
കൊച്ചിയിൽ സാനുമാഷിന് ഏറ്റവുമധികം ഏറ്റവുമധികം വേദികൾ ഒരുങ്ങിയതെവിടെയെന്നു ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം ചാവറ കൾച്ചറൽ സെന്റർ. വീടിനു സമീപത്തെ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ മാത്രല്ല, വിശുദ്ധ ചാവറയച്ചന്റെ ദർശനധാരകളോടുള്ള ആരാധനയും അദ്ദേഹത്തെ ചാവറ സെന്ററിലേക്കടുപ്പിച്ചു.
ചാവറയിലെ ഫാ. റോബി കണ്ണഞ്ചിറ, ഫാ. തോമസ് പുതുശേരി, ഫാ. അനിൽ ഫിലിപ്പ് എന്നീ ഡയറക്ടർമാരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന എം.കെ. സാനു അവിടുത്തെ മിക്ക പരിപാടികളിലും മുഖ്യാതിഥിയായി.
സാനുമാഷിന്റെ അവസാനത്തെ പൊതുപരിപാടിയും ചാവറയിലായിരുന്നുവെന്നതും നിയോഗമായി. ജൂലൈ 17ന് (കർക്കിടകം ഒന്ന്) രാമായണ മാസാചരണ പരിപാടി ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു.
രാമായണത്തെക്കുറിച്ചും കർക്കിടകത്തെക്കുറിച്ചും അദ്ദേഹം ദീർഘനേരം അന്നു സംസാരിച്ചു.
എച്ച്ഐവി ബാധിതരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
പ്രായാധിക്യത്തിലും നാടിന്റെ പൊതു ആവശ്യങ്ങള്‍ക്കായി രംഗത്തേക്കിറങ്ങാന്‍ സാനുമാഷിന് ഇന്നും എപ്പോഴും ഉത്സാഹമായിരുന്നു. കൊച്ചിയിൽ കാന്‍സര്‍ ഗവേഷണത്തിനും, ചികിത്സക്കുമായി പ്രത്യേക കേന്ദ്രം സജ്ജമാക്കുന്നതിനായി മുന്നിട്ടിറങ്ങിയവരില്‍ സാനുമാഷും ഉണ്ടായിരുന്നു.