തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു
1581082
Monday, August 4, 2025 12:39 AM IST
തൃപ്പൂണിത്തുറ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നർത്തകിയും നാടൻ പാട്ട് കലാകാരിയുമായ ഗൗരി നന്ദ (20) മരിച്ചു. തൃപ്പൂണിത്തുറ എരൂർ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും മകളാണ്.
ശനിയാഴ്ച വൈകുന്നേരം തമിഴ്നാട് ചിദംബരത്തായിരുന്നു അപകടം. ഗൗരി നന്ദയും സംഘവും സഞ്ചരിച്ചിരുന്ന കാർ ചിദംബരം അമ്മപ്പെട്ടെ ബെെപ്പാസിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഘത്തിലുള്ള എട്ട് പേർക്ക് പരിക്കേറ്റു.എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവരെ കടലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽ ഒരു പ്രോഗ്രാം കഴിഞ്ഞ് മറ്റൊരു സ്ഥലത്തേയ്ക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ ഇവന്റ് ഗ്രൂപ്പിനൊപ്പം പോകവെയാണ് അപകടത്തിൽപ്പെട്ടത്. നൃത്തത്തിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ച ഗൗരി സ്റ്റേജ് പ്രോഗ്രാമുകളിൽ സജീവമായിരുന്നു. ഗൗരി നന്ദയുടെ സംസ്കാരം ഇന്ന് 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.