കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
1581546
Tuesday, August 5, 2025 8:21 AM IST
ആലുവ: ജില്ലാ ആശുപത്രിയിൽ എത്തിച്ച മോഷണക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.ആസാം സ്വദേശി സുഖു അലി (26) ആണ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ പിന്നീട് രണ്ട് കിലോമീറ്റർ ദൂരെയുള്ള പുളിഞ്ചോട് റെയിൽവേ പാളത്തിന് സമീപത്തുനിന്ന് പിടികൂടി.
കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി ശ്വാസംമുട്ട് അഭിനയിക്കുകയും എയ്ഡ്സ് രോഗമുണ്ടെന്ന് പറയുകയും ചെയ്തതിനെതുടർന്നാണ് ഇന്നലെ രാവിലെ 11ഓടെ ആലുവ ജില്ലാ ആശുപത്രിയിൽ പോലീസ് അകമ്പടിയോടെ വൈദ്യപരിശോധനയ്ക്കെത്തിച്ചത്.
അത്യാഹിത വിഭാഗം കെട്ടിടത്തിലെ ശുചിമുറിയിൽ കയറിയ പ്രതി വെന്റിലേറ്റർ വഴി പുറത്തേക്കു ചാടിയാണ് ഓടിയത്. പ്രതി തിരിച്ചിറങ്ങാതെ വന്നപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം പോലീസ് അറിയുന്നത്.ഗവ.ആശുപത്രി ജംഗ്ഷനിൽനിന്ന് നസ്രത്ത് റോഡിലൂടെ ഓടി ചീരക്കട ക്ഷേത്രത്തിന് സമീപത്തെ റെയിൽ പാളത്തിലേക്ക് എത്തുകയായിരുന്നു.
ആലുവ പോലീസ് ഇൻസ്പെക്ടർ വി.എം.കെഴ്സന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് രണ്ടു മണിക്കൂറിനുശേഷം പുളിഞ്ചോട് റെയിൽവേ ട്രാക്കിനടുത്ത് പിടികൂടിയത്. പ്രതിയെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ് സേനാംഗങ്ങൾക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.രക്ഷപ്പെടാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ ആലുവ പോലീസ് കേസെടുത്തു.