കുടിവെള്ളക്ഷാമം : മരടിൽ ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു
1581539
Tuesday, August 5, 2025 8:21 AM IST
മരട്: മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെത്തുടർന്ന് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിലിന്റെയും പാർലമെന്ററി ലീഡർ സി.ആർ. ഷാനവാസിന്റെയും നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. ചീഫ് എൻജിനീയറുടെ അഭാവത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. സുരേഷ്, എക്സി. എൻജിനീയർ രാജേഷ് ലക്ഷ്മൺ എന്നിവരെ ഉപരോധിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 10ന് തുടങ്ങിയ സമരം ആറ് മണിക്കൂർ പിന്നിട്ടിട്ടും ഫലമില്ലാതായതോടെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ക്യാമ്പിനകത്ത് പൂട്ടിയിട്ട് സമരക്കാർ പ്രതിഷേധം കടുപ്പിച്ചു. പിന്നീട് വൈകുന്നേരം ആറോടെ സൂപ്രണ്ടിംഗ് എൻജിനീയറും ചീഫ് എൻജിനീയറും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ എല്ലാ ദിവസവും തുടർച്ചയായി പമ്പിംഗ് ചെയ്യാമെന്നും വളന്തകാട് ദ്വീപ്, കുണ്ടന്നൂരിലെ എൻ.എക്സ്. ജോസഫ് റോഡ് എന്നിവിടങ്ങളിലെ മോശമായ പഴകിയ പൈപ്പ് അടിയന്തിരമായി മാറ്റി ഡിവിഷൻ 1, 21, 29, 30, 33 എന്നീ ഡിവിഷനുകളിലെ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കാമെന്നും രേഖാമൂലം ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു മാസത്തിലധികമായി മരട് നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ ചർച്ചകളിലും പരിഹാര മാർഗങ്ങളിലും യാതൊരു പ്രയോജനവുമില്ലാതിരുന്നതോടെയാണ് ചീഫ് എൻജിനീയറുടെ ഓഫീസിൽ ജനപ്രതിനിധികൾ ഉപരോധം സംഘടിപ്പിച്ചത്.