വീട്ടമ്മ മരിച്ചനിലയിൽ; മകൻ കസ്റ്റഡിയിൽ
1581545
Tuesday, August 5, 2025 8:21 AM IST
മുളന്തുരുത്തി: വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ദുരൂഹതയെ തുടർന്ന് മകൻ അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളുത്താംകുന്ന് അരയങ്കാവ് അടയ്ക്കാപറമ്പിൽ അംബുജാക്ഷന്റെ ഭാര്യ ചന്ദ്രിക (58) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം.
ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മകൻ അഭിജിത്തും ചന്ദ്രികയും മാത്രമാണ് വീട്ടിൽ താമസം. ചന്ദ്രികയും മകനും തമ്മിൽ പണത്തിന്റെ പേരിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായതായും കസേര കൊണ്ട് അടിച്ചതായും അയൽവാസികൾ പറയുന്നു. ഇതിന് മുമ്പും നിരവധി തവണ മകൻ അമ്മയെ മർദിച്ചിട്ടുള്ളതായും പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 6.45 ഓടെ സമീപത്തെ വീട്ടിലേക്ക് ഫോൺ വിളിച്ച് മകൻ അഭിജിത്ത്, ചന്ദ്രിക ഫാനിൽ തൂങ്ങിമരിച്ചെന്നും താൻ അഴിച്ച് കട്ടിലിൽ കിടത്തിയെന്നും പറയുകയായിരുന്നു. മകന്റെ മദ്യപാനവും ലഹരി ഉപയോഗവും ആഡംബര ജീവിതവും കാരണം വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ലഹരി ഉപയോഗം മൂലം മാനസികനില തകരാറിലായതോടെ അമ്മയെ മർദിക്കുകയും മറ്റും ചെയ്തതിനെ തുടർന്ന് അഭിജിത്തിനെ രണ്ടു മാസം മുൻപ് ഡീ അഡിക്ഷൻ സെന്ററിലാക്കിയിരുന്നു. ഇവിടെനിന്നും തിരിച്ച് വീട്ടിലെത്തിയിട്ട് ഒരു മാസമേ ആയുള്ളൂ.
മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഒന്നിന് തോട്ടറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മകൾ: അപർണ.