അങ്കണവാടിയിലെ അലമാരയിൽ ഉഗ്രവിഷമുള്ള മൂർഖൻ
1581550
Tuesday, August 5, 2025 8:21 AM IST
കരുമാലൂർ: തടിക്കക്കടവിൽ നെൽപ്പാടങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിയുടെ അലമാരയിൽ ഉഗ്രവിഷമുള്ള മൂർഖനെ കണ്ടെത്തി. വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30യോടെയായിരുന്നു സംഭവം. എട്ടോളം വിദ്യാർഥികളായിരുന്നു ഇന്നലെ അങ്കണവാടിയിലെത്തിയത്.
പ്രഭാത പ്രാർഥന കഴിഞ്ഞ് ഇവർക്ക് കളിക്കാനായി അധ്യാപിക ഷെൽഫിൽനിന്നു കളിപ്പാട്ടത്തിന്റെ പെട്ടി എടുക്കുമ്പോഴാണ് മൂർഖനെ കണ്ടത്. ഭാഗ്യത്തിനാണ് അധ്യാപിക വിഷപ്പാന്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇവർ ബഹളംകൂട്ടിയതോടെ ജീവനക്കാരിയും അകത്തേക്ക് ഓടിവന്നു. ഇരുവരും ചേർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി.നാട്ടുകാരും പഞ്ചായത്ത് അംഗവും സംഭവസ്ഥലത്തെത്തിയതോടെ വനംവകുപ്പിനെ വിവരമറിയിച്ചു. പാമ്പുപിടുത്ത വിദഗ്ധൻ രേഷ്ണുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി.
അങ്കണവാടിക്കു ചുറ്റും നെൽപ്പാടങ്ങളാണ്. കെട്ടിടത്തിന്റെ ജനൽ ഗ്ലാസ് കഴിഞ്ഞദിവസം ഇളകി പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. അതിനാൽ ഇതുവഴിയാകാം വിഷപ്പാമ്പ് അകത്തു കയറിയതെന്നാണു നിഗമനം.