നിയന്ത്രണംവിട്ട കാർ ലോറിയിലും മതിലിലും ഇടിച്ചു
1581533
Tuesday, August 5, 2025 8:21 AM IST
വാഴക്കുളം: ലോറിയെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ലോറിയുടെ മുമ്പിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചു.ആർക്കും പരിക്കില്ല.ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തൊടുപുഴയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായ തൃശൂർ സ്വദേശി സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ തൊടുപുഴ ഭാഗത്തേക്ക് ചരക്കെടുക്കാൻ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയുടെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ആനിക്കാട് നിരപ്പേൽ പ്രദീപിന്റെ വീടിന്റെ മതിലിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വീടിനും ഭാഗികമായ നാശനഷ്ടം നേരിട്ടു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.