സ്വകാര്യ ബസ് സമരം ഏഴിന്; അനുരഞ്ജന യോഗം ഇന്ന്
1581191
Monday, August 4, 2025 5:03 AM IST
വൈപ്പിൻ: പറവൂർ - വൈപ്പിൻ, മൂത്തകുന്നം - ഇടപ്പള്ളി മേഖലയിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി യൂണിയനുകളും ചേർന്ന സംയുക്ത സമരസമിതി ഏഴു മുതൽ പ്രഖ്യാപിച്ച സമരം പിൻവലിപ്പിക്കാൻ ഇന്ന് രാവിലെ 11ന് അനുരഞ്ജന യോഗം ചേരും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പറവൂർ ഡിവൈഎസ്പി ഓഫീസിലാണ് യോഗം. യോഗത്തിൽ സംയുക്ത സമരസമിതി പ്രതിനിധികളും നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഗോശ്രീ സമാന്തര പാലത്തിന്റെയും ദേശീയപാതയിൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി കഴിഞ്ഞ ഒന്നിന് സ്വകാര്യ ബസുകൾ പണിമുടക്കിയിരുന്നു. ഏഴു മുതൽ മൂത്തകുന്നം - ഇടപ്പള്ളി മേഖലയിൽ പൂർണമായും, വൈപ്പിൻ-എറണാകുളം മേഖലയിൽ സ്വകാര്യ ബസുകൾ നഗരം ബഹിഷ്കരിച്ചുള്ള സമരവുമാണ് പ്രഖ്യാപിച്ചിരുന്നത്.
ഇതിനിടെ എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിൽ ഗോശ്രീ പാലത്തിന്റെ അറ്റകുറ്റപ്പണികൾ 25 ദിവസത്തിനകം തീർക്കും എന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ ദേശീയപാതയുടെ കാര്യത്തിൽ ഉറപ്പ് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ആവശ്യപ്രകാരമാണ് മുനമ്പം ഡിവൈഎസ്പി യോഗം വിളിച്ചത്.