കോളജിൽ കൂളിംഗ് ഗ്ലാസ് വച്ചതിന് റാഗ് ചെയ്തതായി പരാതി
1580808
Sunday, August 3, 2025 4:30 AM IST
ആലുവ: കോളജിൽ കൂളിംഗ് ഗ്ലാസ് വച്ചതിന് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്തതായി പരാതി. മർദനത്തെത്തുടർന്ന് മാറമ്പള്ളി എംഇഎസ് കോളജിലെ ഒന്നാംവർഷ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജിലെ എസ്ഡിഎസ്എ വിദ്യാർഥി ആലുവ പുറയാർ അമ്പാട്ടുകൂടി മുഹമ്മദിന്റെ മകൻ മുസ്തഫ മുഹമ്മദ്(18)നാണ് മർദനമേറ്റത്.കോളജിൽ കൂളിംഗ് ഗ്ലാസ് കണ്ണട ധരിച്ചുവന്നതിൻെറ പേരിൽ 15ഓളം സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് ചെയ്യുകയും മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ജൂലൈ31ന് വൈകീട്ട് 5ഓടെയായിരുന്നു സംഭവം. മർദനമേറ്റ് അവശനായ മുസ്തഫ മുഹമ്മദിനെ ഭീഷണിപ്പെടുത്തി സംഘം വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ വിദ്യാർഥി ദേഹവേദനയെത്തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ മുസ്തഫ മുഹമ്മദ് പറയുന്നതുപോലെ റാഗിംഗ് നടന്നിട്ടില്ലെന്നും സീനിയർ വിദ്യാർഥികൾ നിരപരാധികളാണെന്നും ആരോപണ വിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.