ബോട്ടുകൾ തിരികെയെത്തി; കിളിയും കിനാവള്ളിയുമായി
1581549
Tuesday, August 5, 2025 8:21 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് 52 ദിവസത്തെ വിശ്രമത്തിനു ശേഷം കടലിൽപോയ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിയത് നിറയെ കിളിമീനും കിനാവള്ളിയുമായി.മുനമ്പം,കാളമുക്ക് ഹാർബറുകളിലായി 60ൽ പരം ബോട്ടുകളാണ് കഴിഞ്ഞ ദിവസം തീരത്തടുത്തത്.
ഇവ കൂടാതെ കുറഞ്ഞ തോതിൽ കരിക്കാടി ചെമ്മീനും കൂന്തലും കണവയും ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളിലായതിനാൽ മീനിനു നല്ല വില ലഭിച്ചു.പടയപ്പ എന്ന പേരിൽ അറിയപ്പെടുന്ന വലിയ കിളിമീനിന് കിലോവിന് 100 രൂപ മേൽ വിലവീണു.
പൊട്ടൻ കിളി എന്നതിൽപ്പെടുന്ന ചെറിയ കിളിക്ക് 50 മുതൽ 80 രൂപ വരെ ഹാർബറിൽ ലേലം വിളി നടന്നു. ഏതാനും ചില ബോട്ടുകൾക്ക് രണ്ട് ലക്ഷത്തിലധികം രൂപയ്ക്കു വരെ മീൻ ലഭിച്ചു. കിളിമീനുമായി ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ എത്തുമെന്നാണ് പ്രതീക്ഷ.