മുണ്ടക്കൈ ചൂരല്‍മല ദുരന്തം : 6 സഹപ്രവര്‍ത്തകര്‍ക്ക് വീടൊരുക്കി വര്‍ക്ക്ഷോപ് സംഘടന
1581532
Tuesday, August 5, 2025 8:21 AM IST
മൂവാറ്റുപുഴ: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് കേരള മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ആറ് സഹപ്രവര്‍ത്തകര്‍ക്ക് വീടൊരുക്കി നല്കി. സംസ്ഥാനത്തെ തങ്ങളുടെ എല്ലാ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ആറ് സഹപ്രവര്‍ത്തകര്‍ക്ക് 30 സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കിയത്.
നിര്‍മിച്ച ആറു വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി.എൻ. വാസവന് നിര്‍വഹിച്ചു. മുട്ടില്‍ പരിയാരം ചെലഞ്ഞിച്ചാലില്‍ അഞ്ച് സെന്റില്‍ 850 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടു കിടപ്പുമുറികള്‍, അടുക്കള, ഹാള്‍, ശുചിമുറി സൗകര്യങ്ങളോടെയുള്ള വീടുകളിലേക്ക് പൊതുകിണര്‍ നിര്‍മിച്ച് കുടിവെള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. 10 മാസം കൊണ്ടാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.