വയോധികയുടെ കൊലപാതകം : അയൽവാസിയായ യുവാവ് ബംഗളൂരുവിൽ അറസ്റ്റിൽ
1580807
Sunday, August 3, 2025 4:30 AM IST
പെരുമ്പാവൂർ: തോട്ടത്തിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അയൽവാസിയായ യുവാവിനെ ബംഗളൂരുവിൽനിന്ന് പോലീസ് സംഘം പിടികൂടി. ചേരാനല്ലൂർ തോട്ടുവ നെല്ലിപ്പിള്ളി അദ്വൈത് ഷിബു (24)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രിയോടെയാണ് തോട്ടുവ മനയ്ക്കപ്പടി ഔസേഫിന്റെ ഭാര്യ അന്നം(85)നെ സമീപത്തെ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തലയ്ക്കു പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുഖത്തും കൈയ്ക്കും മുറിവുകളുമുണ്ടായിരുന്നു. അന്നത്തിന്റെ രണ്ടു വളകളും കാതിൽ കമ്മലിന്റെ അടിയൊഴികെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടതോടെ പോലീസ് കൊലപാതകമെന്ന് ഉറപ്പിക്കുകയായിരുന്നു അന്നം ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയതോടെ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 40ഓളം പേരെ അന്വേഷണ സംഘം ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരു ബമ്മനഹള്ളിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. അമ്മയെ വഴക്കു പറഞ്ഞതിലുള്ള വൈരാഗ്യവും, സാമ്പത്തിക ബുദ്ധിമുട്ടുമാണ് കൊലയിലേക്ക് നയിച്ചതെന്ന് യുവാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തോട്ടത്തിന്റെ മേൽനോട്ട ചുമതല അന്നത്തിന് ആയിരുന്നു. ഇവരുടെ പറമ്പിലേക്കുള്ള വരവ് നിരീക്ഷിച്ച യുവാവ് പുറകിൽനിന്ന് തേങ്ങകൊണ്ട് ഇവരെ എറിഞ്ഞുവീഴ്ത്തി. ഒച്ചവച്ച അന്നമ്മയുടെ വായും മൂക്കും യുവാവ് പൊത്തിപ്പിടിച്ചു. മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങൾ ഊരിയെടുത്ത പ്രതി വീട്ടിലെത്തി. അവിടെ നിന്ന് എറണാകുളത്തേക്കും, പിറ്റേന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ,സിഐമാരായ ജി.പി. മനുരാജ്, സാം ജോസ്, എസ്ഐ ടി.ആർ. രാജീവ്, എഎസ്ഐമാരായ പി.എ. അബ്ദുൾ മനാഫ്, വി.പി. ശിവദാസ്, സുനിൽകുമാർ, സീനിയർ സിപിഒമാരായ മനോജ് കുമാർ, വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, വൈശാഖ്, അരുൺ പി. കരുൺ എന്നിവരടങ്ങിയതായിരുന്നു പ്രത്യേക അന്വേഷണ സംഘം.