മാറാടിയിൽ പൈനാപ്പിൾ കയറ്റി വന്ന വാഹനം മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി
1580817
Sunday, August 3, 2025 4:46 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ കായനാട്-ശൂലം റോഡിൽ പൈനാപ്പിൾ കയറ്റി വന്ന വാഹനം മറിഞ്ഞ് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം. മാറാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കായനാട് യുപി. സ്കൂൾ-ശൂലം റോഡിൽ ഇറക്കത്തിൽ വച്ച് പിക് അപ്പ് ജീപ്പ് തെന്നി റോഡിന് താഴേക്ക് മറിയുകയായിരുന്നു. താഴെയുണ്ടായിരുന്ന റബർ മരത്തിൽ തങ്ങി നിന്നതിനാൽ വാഹനം പൂർണമായും താഴേക്ക് പോയില്ല.
ഡ്രൈവറായ ഈസ്റ്റ് മാറാടി സ്വദേശി കുര്യാക്കോസ് (56), സഹായിയായ ഒഡീഷ സ്വദേശി ടൂണോ (24) എന്നിവർ വാഹനത്തിന്റെ കാബിനിൽ കുടുങ്ങി. ഇതിൽ ടൂണോയുടെ കൈ വാഹനത്തിനും റബർ മരത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനം കൂടുതൽ മറിയാതിരിക്കാൻ കയറുപയോഗിച്ച് കെട്ടി ഉറപ്പിച്ചു. തുടർന്ന് ചെയിൻ സോ ഉപയോഗിച്ച് റബ്ബർ മരം മുറിച്ചുമാറ്റിയ ശേഷം ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ വികസിപ്പിച്ചാണ് കുടുങ്ങിയ കൈ പുറത്തെടുത്തത്.
രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റ ടൂണോയെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.