കന്യാസ്ത്രീകൾക്കെതിരായ കേസ് : ആലുവയിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും നാളെ
1580824
Sunday, August 3, 2025 5:06 AM IST
ആലുവ: ഛത്തീസ്ഗഡിൽ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അന്യായമായി തുറുങ്കിലടച്ച സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരേ ആലുവയിൽ ഇന്ന് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആലുവ സോണിലെ ക്രൈസ്തവ കൂട്ടായ്മയിലെ 16 പള്ളികളുടെയും 50 ഓളം സന്യസ്ത സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധപരിപാടി.
ഇന്നു വൈകുന്നേരം നാലിന് ഡൊമിനിക് ദേവാലയ അങ്കണത്തിൽനിന്ന് റാലി ആരംഭിക്കും. സെന്റ് ആന്റണീസ് ആശ്രമ അങ്കണത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ബിഷപ് മാർ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസഫ് കരുമത്തി അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. ഫാ. കുര്യാക്കോസ് മുണ്ടാടൻ മുഖ്യ പ്രഭാഷണം നടത്തും.
ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, മുനിസിപ്പല്‍ ചെയര്മാന് എം.ഒ. ജോണ്‍, സ്വാമി ധർമ ചൈതന്യ, ഫാ.പോൾ നെടുഞ്ചാലിൽ എന്നിവർ സംസാരിക്കും. സന്യസ്തരും അൽമായരും അടക്കം അയ്യായിരത്തോളംപേർ പങ്കെടുക്കുന്ന റാലി ഗതാഗതതടസം ഇല്ലാതെ നടത്താനുള്ള മുൻകരുതൽ ഒരുക്കിയിട്ടുണ്ടെന്ന് ഫാ. ജെറിൻ കുരിശിങ്കൽ, ഫാ. നിഖിൽ മുളവരിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.