കീരംപാറ നെടുംപാറയില്‍ ഇടിമിന്നലില്‍ രണ്ടു വീടിന് നാശനഷ്ടം
1581551
Tuesday, August 5, 2025 8:21 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നെടുംപാറയില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. നെടുംപാറ കണിയാംകുടി കുര്യാക്കോസ്, സമീപത്ത് താമസിക്കുന്ന സഹോദരന് മത്തായി എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാട് ഉണ്ടായത്. വയറിംഗ് കത്തിപ്പോവുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് മഴയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇടിമിന്നലിന്റെ വലിയ ശബ്ദം കേട്ടത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നാര്‍ക്കും മനസിലായില്ല. മിന്നലേറ്റ് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറും കത്തിപ്പോയി. പ്രദേശത്തെ വൈദ്യുതിയും നിലച്ചിരുന്നു. മിന്നലേറ്റ് കുര്യാക്കോസിന്റെ വീട്ടില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നു.
വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു. വൈദ്യുതി മീറ്ററും മെയിന്‍സ്വിച്ചും ഫ്യൂസുകളും ബള്‍ബുകളും എല്ലാം തെറിച്ച് പോയി. ടിവി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കും കേടുപാടുകളുണ്ട്. വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കും പൊട്ടലുണ്ടായി. ആസ്ബസ്റ്റോസ് മേഞ്ഞ ഷീറ്റുകള്‍ ഇളകിമാറിയ നിലയിലാണ്. മിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ അടുക്കള ഭാഗത്ത് മുറ്റത്ത് കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
കുര്യാക്കോസും കുടുംബവും എറണാകുളത്തെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. പരിസരവാസികള്‍ അറിയിച്ചപ്രകാരം രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് നാശനഷ്ടത്തിന്റെ തീവ്രത മനസിലായത്. സമീപത്ത് താമസിക്കുന്ന സഹോദരന് മത്തായിയുടെ വീട്ടിലെയും വയറിംഗ് കത്തിപ്പോവുകയും ജനാല ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
ആന്റണി ജോണ്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. റവന്യു വകുപ്പ് നാശനഷ്ടത്തിന്റെ കണക്കെടുത്തിട്ടുണ്ട്.