കീരംപാറയിൽ ആനയെ തുരത്തൽ ദൗത്യം വിജയത്തിലേക്ക്
1580814
Sunday, August 3, 2025 4:46 AM IST
കോതതമംഗം: കീരംപാറ പഞ്ചായത്തിലെ ആനയെ തുരത്തുന്ന ദൗത്യം ഭാഗികവിജയത്തിലേക്ക്. പഞ്ചായത്തിലെ പ്ലാന്റേഷനോട് ചേര്‍ന്ന ജനവാസ മേഖലയ്ക്ക് ഭീഷണിയായി മാറിയ നാല് കാട്ടാനകളെ പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ തുരത്തിയോടിച്ച് പെരിയാര്‍ തീരത്ത് എത്തിച്ചു.
പുന്നേക്കാട്-തട്ടേക്കാട് റോഡിലും പരിസരത്തുമായുള്ള ആന സാന്നിധ്യം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ ഡിഎഫ്ഒ നല്കിയ ഉറപ്പുകളിലൊന്നായിരുന്നു ആനകളെ തുരത്തല്‍.
ചേലമല കേന്ദ്രമാക്കി ഏതാനും മാസമായി എട്ട് കൊമ്പന്മാരായിരുന്നു പ്രദേശത്ത് വിളയാടിയിരുന്നത്. ഇതില്‍ നാലെണ്ണത്തിനെ കാണാനില്ല. ഇവ പെരിയാര്‍ കടന്ന് വനത്തിലേക്ക് പോയതായാണ് നിഗമനം. ബാക്കിയുള്ള നാല് കൊമ്പന്മാരാണ് മൂന്നാഴ്ചയോളമായി വീടുകള്‍ക്ക് സമീപവും കൃഷിനാശവുമായി എത്തിയിരുന്നത്. ഇന്നലെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ഇവയെ പുഴ തീരത്തെത്തിച്ചത്.
രാവിലെ 10ന് തുടങ്ങിയ ദൗത്യം അവസാനിച്ചത് ഉച്ചക്ക് രണ്ടിന്. പുന്നേക്കാട് ഓടപ്പനാല്‍ ഭാഗത്ത് നിന്നിരുന്ന കൊമ്പന്മാരെ പടക്കം പൊട്ടിച്ചും തീപ്പന്തം കാട്ടിയും ഒച്ചവച്ചും ആണ് ഓടിച്ചത്. ആനയെ തുരത്തിയോടിക്കുന്ന സമയത്ത് പുന്നേക്കാട് തട്ടേക്കാട് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓടപ്പനാലില്നിന്ന് ഓടിച്ച ആനകള്‍ ചേലമലയിലേക്കാണ് ഓടിക്കയറിയത്. ഇവിടെ നിന്ന് ഓടിച്ചപ്പോള്‍ പിന്നീട് പുഴ തീരത്തെ സമീപത്തെ പാത്തുമ്മകടവ് ഭാഗത്ത് എത്തിച്ചിരിക്കുകയാണ്.
മണിക്കൂറുകളുടെ ഓട്ടത്തില്‍ ആനകൂട്ടത്തില്‍ ഭയന്ന് പുഴ തീരത്ത് തമ്പടിച്ചിരിക്കുകയാണ്. രാത്രിയോടെ ആനകള്‍ പുഴ കടന്ന് വനത്തിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, റേയ്ഞ്ച് ഓഫീസര്‍ ആര്. സഞ്ജീവകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ദിവാകരന്, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ദൗത്യത്തില്‍ കോതമംഗലം, തട്ടേക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് വനപാലകരും പങ്കെടുത്തു.