കൂവപ്പടിയിൽ ചെന്പൻചെല്ലി ശല്യം രൂക്ഷം; കേര കർഷകർ പ്രതിസന്ധിയിൽ
1581163
Monday, August 4, 2025 4:31 AM IST
പെരുമ്പാവൂർ: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില വർധിക്കുന്നതിനിടെ കൂവപ്പടിയിലെ കേര കർഷകർക്ക് തിരിച്ചടിയായി തെങ്ങുകളിൽ ചെന്പന്ചെല്ലി ശല്യം രൂക്ഷം. തെങ്ങിന്റെ കൂമ്പുഭാഗങ്ങളെയും ഇളം ഓലകളെയും തിന്നു നശിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള ചെമ്പൻ ചെല്ലികൾ വ്യപകമാകുകയാണ് കൂവപ്പടി പ്രദേശങ്ങളിൽ.
തെങ്ങിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ച് വിളവു കുറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു തെങ്ങിൽ നിന്നും ശരാശരി 10 മുതൽ 80 ചെല്ലികളെ വരെ ലഭിക്കാറുണ്ടെന്ന് കർഷകരായ മണി കൈതക്കോടും കെ.കെ. ശാരദക്കുഞ്ഞമ്മയും പറഞ്ഞു.
നിലവിലുള്ള നിയന്ത്രണ മാർഗങ്ങളൊന്നും പര്യാപ്തമല്ല എന്നാണ് ഇവരുടെ അഭിപ്രായം. ഇതുമൂലം ചെറുകിട കർഷകർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഈ സീസണിലെ ഇടവിട്ടുള്ള മഴയും ചെല്ലിനിയന്ത്രണ മാർഗങ്ങൾക്ക് തടസമായതായി ഇവർ പറയുന്നു. കർഷകർക്ക് വേണ്ടത്ര ബോധവത്കരണ നൽകാൻ കൃഷിവകുപ്പ് തയാറാകണം. സൗജന്യകീടനാശിനികൾ അടിയന്തരമായി വിതരണ ചെയ്തില്ലെങ്കിൽ കേരകർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.
അതിനിടെ ചെല്ലിയുടെ ആക്രമണമുണ്ടാകാത്ത ഇനം തെങ്ങിൻതൈകൾ എന്ന പേരിൽ വില്പന നടത്തി സ്വകാര്യ അഗ്രികൾച്ചർ നഴ്സറികളിൽ വ്യാപകമായി കച്ചവടചൂഷണവും നടക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു.
ഓലകളുടെ ഇടയിലൂടെ അഗ്രഭാഗം തുറന്നു കയറി വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും തിന്ന് നശിപ്പിക്കുകയാണ് ചെല്ലികൾ ചെയ്യുന്നത്. ആക്രമണ വിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.
ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉത്പാദനം കുറയുകയും ചെയ്യുന്നു.