സ്കൂട്ടര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
1581540
Tuesday, August 5, 2025 8:21 AM IST
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട സ്കൂട്ടര്‍ 25 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർയാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മേക്കടമ്പ് സ്വദേശികളായ മറ്റത്തില്‍ സുകുമാരന്‍ (65), പൂച്ചക്കുഴി വടക്കേക്കര ബിബിന്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാളകം മനക്കപ്പീടികയില് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. സ്കൂട്ടര്‍ റോഡിലെ ചെളിയില്പെട്ട് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. മൂവാറ്റുപുഴ അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രേഡ് എസ്ടിഒ കെ.സി. ബിജുമോന്, എസ്എഫ്ആര്‍ഒ അനീഷ് കുമാര്‍, അനിബന്‍ കുര്യാക്കോസ്, ടി.ആര്. റെനീഷ്, നിബിന് ബോസ്, ആര്. വിഷ്ണു, ജയസിങ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.