യുവാവിനെ വിഷം കൊടുത്ത് കൊന്ന സംഭവം : പ്രതി നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതം
1580811
Sunday, August 3, 2025 4:30 AM IST
കോതമംഗലം: കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതം.കോതമംഗലം മാതിരപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകൻ അന്‍സിലിനെ (38) ആണ് പെൺസുഹൃത്ത് അഥീന വിഷം നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീനയെ (24) ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
മാതാവ് ലിസി കോവിഡ് പിടിപെട്ട് മരിച്ചശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസമാക്കിയത്. അൻസിലുമായി അടുപ്പത്തിലാകുംമുമ്പേ കോതമംഗലം സ്വദേശിയായ മറ്റൊരു യുവാവുമായി അഥീന പ്രണയത്തിലായിരുന്നു. ഇയാളുടെ സമ്പാദ്യം കൊണ്ട് നേടിയതാണ് മാലിപ്പാറയിലെ വീടും സ്ഥലവുമെന്നാണ് പറയപ്പെടുന്നത്.
പഴയ ആൺ സുഹൃത്ത് വഴിയാണ് അൻസിലുമായി അഥീന പരിചയത്തിലാകുന്നതും അടുപ്പം സ്ഥാപിക്കുന്നതും. ആദ്യ ആൺ സുഹൃത്തിൽനിന്ന് സാമ്പത്തിക നേട്ടങ്ങൾ കുറഞ്ഞപ്പോൾ അയാളിൽനിന്ന് മെല്ലെ അകന്നു. പിന്നീട് പഴയ ആൺ സുഹൃത്തിതിെനെതിരെ പീഡനപരാതി നൽകുകയും അയാളെ കോടതി ശിക്ഷിക്കുകയുമുണ്ടായി. ഇതിനിടെ സമ്പാദ്യമെല്ലാം തീർന്ന് പഴയ സുഹൃത്ത് പാപ്പരായിരുന്നു.
ശിക്ഷ കഴിഞ്ഞിറങിയ അയാൾ ഒരു മാസം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു. ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു.ഇതിനെ ചൊല്ലിയും അൻസിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ യുവാക്കളെ അടുപ്പത്തിലാക്കി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്ന അഥീനയുടേത് കുത്തഴിഞ്ഞ ജീവിതമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മാതാവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസമാക്കിയ അഥീന അയൽവാസികളും ബന്ധുക്കളുമായും വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
റിമാൻഡിൽ കഴിയുന്ന അഥീനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തെങ്കിലും അഥീന സഹകരിച്ചില്ല. മുൻകൂട്ടി മെനഞ്ഞ കഥ വിവരിക്കുകയാണുണ്ടായത്. ആൺസുഹൃത്ത് അൻസിൽ സ്വയം വിഷം കഴിച്ചു എന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിലായിരുന്നു അഥീന. ഒരാഴ്ച മുമ്പ് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉടലെടുക്കുകയും പോലീസിൽ പരാതിപ്പെടുകയും ഒത്തുതീർക്കുകയും ചെയ്തതാണ്.
അതിലെ സാമ്പത്തിക ഇടപാടുകൾ പരിഹരിക്കാത്തതിന്റെ പകയാണ് അഥീന തീർത്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെ്ത് തെളിവെടുക്കുന്നേതോടെയേ കൂടുതൽ വ്യക്തത വരൂ.
അഥീന വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് നീക്കം ചെയ്തു. സംഭവങ്ങൾ കാമറയിൽ പകർന്നത് പോലീസ് പരിശോധിക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാവാം ഹാർഡ് ഡിസ്ക് നീക്കം ചെയ്തത്. ഇത് പോലീസ് കണ്ടെടുത്താൽ നിർണായക തെളിവുകൾ ലഭ്യമായേക്കും.
അൻസിലിന്റെ മരണവെപ്രാളം അഥീന മൊബൈലിൽ പകർത്തിയിരുന്നു. അൻസൽ മരണ വെപ്രാളം കൊണ്ട് പിടയുന്നതിനിടെ അയാളുടെ മൊബൈൽ ഫോൺ അഥീന പിടിച്ച് വാങ്ങി ദൂരേക്ക് എറിഞ്ഞ് കളഞ്ഞു. മറ്റാരെയും വിളിച്ച് രക്ഷപ്പെടാതെ മരണം ഉറപ്പ് വരുത്താനും സത്യം പുറത്ത് വരാതിരിക്കാനുമാകാം അത്തരം ഒരു നീക്കം നടത്തിയത്.
അഥീനയെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരുടെ വീട്ടിലും പരിശോധന നടത്തും. കൂടാതെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.