ജീവനെ ആറായി പകുത്ത് ഐസക് ജോർജ്
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം/കൊച്ചി: വാഹനാപകടത്തെത്തുടർന്നു മസ്തിഷ്കമരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക് ജോർജിന്റെ ഹൃദയം ഉൾപ്പടെയുള്ള ആറ് അവയവങ്ങൾ ഇനി ആറുപേർക്ക് പുതുജീവനേകും.
ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുപത്തിയെട്ടുകാരനിലും ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്, രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കായാണു ദാനം ചെയ്തത്.
അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിൽ കഴിഞ്ഞ ശനിയാഴ്ച ആറോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്റോറന്റിനു മുൻവശത്ത് റോഡ് മുറിച്ചുകടക്കവേ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരായി. ഭാര്യ: നാൻസി മറിയം സാം. മകൾ: അമീലിയ നാൻസി ഐസക്. സംസ്കാരച്ചടങ്ങുകൾ നാളെ ബഥേൽ ചരുവിള വീട്ടിൽ നടക്കും.
ഹൃദയം തുടിക്കുക അജിനിൽ
അങ്കമാലി സ്വദേശിയായ അജിൻ ഏലിയാസിലാണ് ഐസക്കിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണു ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോയില്നിന്നു സന്ദേശമെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം ലിസി ആശുപത്രിയില്‍ ഹൃദയത്തിനായി കാത്തിരിക്കുന്ന അജിന് അനുയോജ്യമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന് മന്ത്രി പി. രാജീവിനെ വിവരം അറിയിച്ചു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ പോലീസ് സേനയ്ക്കായി വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ അവയവം കൊണ്ടുവരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള നടപടികളെടുത്തു. പൂര്‍ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം വിട്ടുനല്‍കിയത്.
ഹൃദയധമനികള്‍ക്കു വീക്കം സഭവിക്കുന്ന കവാസാക്കി എന്ന അസുഖമായിരുന്നു ഹൃദയം സ്വീകരിച്ച അജിന് ഉണ്ടായിരുന്നത്.
ഹൃദയത്തിനായി കെസോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വഴി തുറന്നശേഷം അതിവേഗത്തിലായിരുന്നു എറണാകുളം ലിസി ആശുപത്രിയിലെ സജ്ജീകരണങ്ങൾ.
ഇന്നലെ പുലർച്ചെ നാലോടെ ലിസിയിൽനിന്ന് ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിച്ചു. എട്ടോടെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചക്ക് 12.35ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഹെലികോപ്റ്റര്‍ 1.30 ഓടെ കൊച്ചി ഹയാത്തിന്റെ ഹെലിപാഡിലെത്തി.
നാലു മിനിറ്റുകൊണ്ട് പോലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറി ഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. നാലുമണിക്കൂറിനുള്ളിൽത്തന്നെ ഹൃദയം പുതിയ ശരീരത്തില്‍ സ്പന്ദിക്കാന്‍ തുടങ്ങി. ഡോ. റോണി മാത്യു, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. പി. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
രാത്രി എഴോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അടുത്ത 48 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.