ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു
1588459
Monday, September 1, 2025 5:40 AM IST
ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ലിഫ്റ്റ് സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരുവാന്‍ ആവശ്യമായ രണ്ടാമത്തെ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടായിരുന്നില്ല.
ട്രെയിനുകള്‍ നിര്‍ത്തുന്ന രണ്ടും മൂന്നും നമ്പര്‍ പ്ലാറ്റ്ഫോമിലേക്കെത്താൻ ഭാരമുള്ള ലഗേജുമായി വരുന്ന യാത്രക്കാര്‍ക്കും പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്കും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു.
ഈ സാഹചര്യം പരിഗണിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയ ഇടപെടലിന്റെ ഫലമായി ഡിവിഷന് ഫണ്ടില്‍ നിന്നാണ് രണ്ടാമത്തെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനോടു ചേര്‍ന്നുള്ള ഹെവി ഡ്യൂട്ടി വ്യാവസായിക ലിഫ്റ്റിന്റെ നിര്‍മാണം നടത്തുന്നത്. 14 യാത്രക്കാര്‍ക്ക് ഒരേസമയം കയറാവുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ ലിഫ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സ്റ്റേഷനിലെ യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടും.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്, രോഗികള്‍, ഭാരമുള്ള ലഗേജുമായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്ലാറ്റ്ഫോമുകളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പുതിയ ടെര്‍മിനലിനോട് ചേര്‍ന്ന് ഒന്നാംപ്ലാറ്റ്ഫോമില് നിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഫുട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുകയും യാത്രക്കാര്‍ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മൂന്നുമാസത്തിനകം ലിഫ്റ്റ് പ്രവര്‍ത്തനനിരതമാകും
ലിഫ്റ്റിന്റെ കമ്മീഷനിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം യാത്രക്കാര്‍ക്ക് ഉപയോഗത്തിനു തുറന്നുകൊടുക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി
മാവേലിക്കര പാര്മെന്റംഗം