തേയിലത്തൈകൾ നട്ട് സെന്റ് ആന്റണീസിലെ നേച്ചർ ക്യാമ്പ്
1588472
Monday, September 1, 2025 11:16 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിലെ നേച്ചർ ക്യാമ്പ് അംഗങ്ങളും ബികോം പ്രൊഫഷണൽ രണ്ടാം വർഷ വിദ്യാർഥികളും ചേർന്ന് കാമ്പസിലെ ആറേക്കർ സ്ഥലത്ത് തേയിലത്തൈകൾ നട്ടു. ഓണം ഹരിതാഭമാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ഓണത്തിന്റെ കാതലെന്നും തിരിച്ചറിഞ്ഞാണ് ഒരുപറ്റം വിദ്യാർഥികൾ ഒത്തുചേർന്ന് 500 ഓളം തേയിലത്തൈകൾ നട്ടത്.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധവും ഒരു ജൈവ മനുഷ്യനിലേക്കുള്ള വളർച്ചയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ തൈകളുടെ തുടർന്നുള്ള പരിപാലനവും ഈ വിദ്യാർഥികൾതന്നെ നിർവഹിക്കും.
അടുത്ത മാസത്തെ വിദ്യാരംഭത്തിൽ രണ്ടാം ഘട്ടമായുള്ള 500 തേയിലത്തൈകളും ഇതര ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുമെന്ന് കോളജ് ചെയര്മാന് ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും പറഞ്ഞു.
ഡോ. ഷിജിമോൾ തോമസ്, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, നെജി നാസർ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.