മണർകാട് പെരുന്നാളിനു തുടക്കം
1588448
Monday, September 1, 2025 5:33 AM IST
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കന്യകമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനു തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ഥനയോടെയാണ് നോമ്പ് ആചരണത്തിനു തുടക്കമായത്. സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് തോമസ് മാര്‍ തിമോത്തിയോസിന്റെയും വൈദികരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ ചുറ്റിവിളക്ക് തെളിച്ചു.
നേര്‍ച്ചക്കഞ്ഞി, വില്പന കാന്റീന്, മാനേജ്മെന്റ് കാന്റീന് എന്നിവിടങ്ങളിലേക്ക് വൈദികര്‍ കല്‍ക്കുരിശില്‍നിന്ന് ദീപം പകര്‍ന്നു നല്കി. തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികര്‍ നിര്‍വഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും പോലീസ് കണ്ട്രോള് റൂമിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
മണര്‍കാട് ദേശത്തിന് ഇനിയുള്ള എട്ടു ദിനരാത്രങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാണ്. പള്ളിയില്‍ ഭജനയിരുന്നു നോമ്പുനോറ്റും ഉപവാസമെടുത്തും പള്ളിയില്‍ കഴിയാന്‍ നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിത്തുടങ്ങി.
ഇനിയുള്ള എട്ടുദിനങ്ങളിലും മാതാവിനോടുള്ള പ്രാര്‍ഥനകളും അപേക്ഷകളും ലുത്തിനിയകളും വേദവായനകളും മുഴങ്ങുന്ന ആത്മീയാനുഭൂതിയുടെ അന്തരീക്ഷമായിരിക്കും പള്ളിയിലും പരിസരങ്ങളിലും. പ്രാര്‍ഥനാപൂര്‍വം വന്നെത്തുന്നവര്‍ക്കായി ഒരുനാട് ഒന്നടങ്കം കാത്തിരിക്കുന്ന അപൂര്വകാഴ്ചയാണു മണര്‍കാട് എട്ടുനോമ്പ് പെരുന്നാളിനെ വ്യത്യസ്തമാക്കുന്നത്.
കൊടിയേറ്റ് ഇന്ന്
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമര ഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്ന് പുറപ്പെടും. അരീപ്പറമ്പ് കരയില്‍ പാതയില്‍ പി.എ. കുരുവിളയുടെ ഭവനാങ്കണത്തില്‍നിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. വൈകുന്നേരം 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്ക്കുശേഷം കൊടിമരം ഉയര്‍ത്തും. തുടര്‍ന്ന് കരോട്ടെപള്ളിയിലെ കൊടിമരത്തിലും കൊടി ഉയര്‍ത്തും.
ചടങ്ങുകൾ തത്സമയം
കത്തീഡ്രലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും (https: //facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്സൈറ്റിലും (https://manarcadpally. com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എസിവി, ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നീ ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്.
വഴിപാടുകള്‍ ഓണ്‍ലൈനായി
നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കാം. വിശ്വാസികളുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ കത്തീഡ്രലിന്റെ ഇ-മെയില്‍ വിലാസത്തിലോ (manarcad stmaryschurch @gmail.com).
മണര്‍കാട് പള്ളിയില്‍ ഇന്ന്
രാവിലെ ആറിന് വിശുദ്ധ കുര്‍ബാന (കരോട്ടെ പള്ളിയില്‍): തോമസ് മാര്‍ അലക്സന്ത്രയോസ്, 7.30ന് പ്രഭാത നമനസ്കാരം (താഴത്തെ പള്ളിയില്‍), 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന: ഡോ. തോമസ് മാര്‍ തീമോത്തിയോസ്, 11ന് പ്രസംഗം -തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, 12ന് ഉച്ചനമസ്കാരം, ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നും പുറപ്പെടുന്നു,
2.30ന് പ്രസംഗം: ഫാ. ജോണ്‍സ് കോട്ടയില്‍, വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തല്‍: ഡോ. തോമസ് മാര്‍ തീമോത്തിയോസ്, അഞ്ചിന് സന്ധ്യാനമസ്കാരം, 6.30ന് ധ്യാന പ്രസംഗം: ഫാ. ജെ. മാത്യൂസ് മണവത്ത്