മാമ്മൂട്-വെളിയം റോഡിന്റെ ദുരിതം നീങ്ങുന്നു; നവീകരണത്തിന് ആറു കോടിയുടെ പദ്ധതി
1588460
Monday, September 1, 2025 5:40 AM IST
ചങ്ങനാശേരി: മാമ്മൂട്-വെളിയം-ശാന്തീപുരം റോഡിന്റെ ദുരിതം നീങ്ങുന്നു. നവീകരണത്തിന് നവകേരള സദസ് പദ്ധതിയില്‍പ്പെടുത്തി ആറു കോടി രൂപ അനുവദിച്ചു. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
ചങ്ങനാശേരി നിയോജകണ്ഡലത്തില്പ്പെട്ട മാമ്മൂട് മുതല്‍ വെളിയം വരയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. വെളിയം മുതല്‍ ശാന്തീപുരം വരെയുള്ള ഭാഗം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍പ്പെട്ടതാണ്.
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ മാമ്മൂട്ടില്‍ ആരംഭിച്ച് വെളിയം-ശാന്തീപുരം-നെടങ്ങാടപ്പള്ളിവഴി മല്ലപ്പള്ളി, ശാന്തീപുരത്തുനിന്നു തിരിഞ്ഞ് കൂത്രപ്പള്ളി, കോട്ടയം-കോഴഞ്ചേരി റോഡില്‍ കൊച്ചുപറമ്പ് റോഡുകളിലും എഴിങ്കാലവഴി മുക്കൂര്‍, കുന്നന്താനം റൂട്ടിലും വെങ്കോട്ടയിലും എത്തിച്ചേരാവുന്ന പ്രധാനപ്പെട്ട ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് അപകടാവസ്ഥയിലായിരുന്നു.
മാമ്മൂട് ലൂര്‍ദ്മാതാ പള്ളി, സെന്റ് ഷന്താള്‍സ്, സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളുകള്‍, മാമുണ്ട ക്ഷേത്രം, നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ഏക റോഡും ഇതാണ്. പല സ്ഥലങ്ങളിലും റോഡ് ഒഴുകിപ്പോയനിലയിലാണ്. മാമ്മൂട് പള്ളി ജംഗ്ഷന്, മാമുണ്ട ഷാപ്പ് ജംഗ്ഷന് ഭാഗങ്ങളില്‍ റോഡ് അപകടാവസ്ഥയിലാണ്. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹന സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന നാളുകളായി ആവശ്യം ഉയര്‍ന്നിരുന്നു.
നവകേരള സദസില്‍ രണ്ടു റോഡുകള്‍ക്ക് ഏഴുകോടി രൂപ
നവകേരള സദസില്‍ സമര്‍പ്പിച്ച മാമ്മൂട് ശാന്തിപുരം റോഡില്‍ വെളിയം ഭാഗം വരെ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനായി ആറു കോടി രൂപയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ പെരുന്ന മുതല്‍ പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പൂവം വരെ ഉള്ള റോഡ് നവീകരണത്തിനായി ഒരു കോടി രൂപയും ലഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.