ലാറ്റക്സ് ഫാക്ടറിക്കെതിരേ സമരവുമായി നാട്ടുകാര്‍
1588453
Monday, September 1, 2025 5:33 AM IST
മ ുട്ടുചിറ: കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിക്കെതിരേ സമരവുമായി നാട്ടുകാര്‍. ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രദേശവാസികളെ സ്വന്തം സ്ഥലത്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ഇന്നു രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നത്.
രാവിലെ പത്തിന് മുട്ടുചിറയില്‍നിന്ന് ആരംഭിക്കുന്ന പദയാത്രയ്ക്കു ‘ശുദ്ധവായു, ശുദ്ധജലം, പരിസ്ഥിതി അവകാശ സംരക്ഷണ പദയാത്ര’ എന്നാണു പേരിട്ടിരിക്കുന്നത്. മുട്ടുചിറയില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര അനീഷ് ലൂക്കോസ് ഉദ്ഘാടനം ചെയ്യും.
ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നാട്ടുകാര്‍ മുമ്പ് പലതവണ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. നാട്ടുകാരുടെ നേതൃത്വത്തില്‍ പരിസിഥിതി സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇപ്പോള്‍ ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തികള്‍ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. ഫാക്ടറിയില്‍നിന്നുള്ള മലിനജലവും ആസിഡ് കലര്‍ന്ന ജലവും തോട്ടിലേക്കും പുരിയിടങ്ങളിലേക്കും ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
പുരയിടത്തില്‍ കെട്ടിനിൽക്കുന്ന മലിനജലം മൂലം സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ മലിനമാകുന്നതായും ഈ വെള്ളം ഉപയോഗിച്ച പ്രദേശവാസികളിൽ പലരും രോഗികളായെന്നും ഇതുമൂലം പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
കടുത്തുരുത്തി പഞ്ചായത്ത് പടിക്കല്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. ഇതേസമയം പഞ്ചായത്തിന് ഫാക്ടറിയുടെ പ്രവര്‍ത്തനം സംബന്ധിച്ചു മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതായും പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത പറഞ്ഞു. ഫാക്ടറി ഉടമകള്‍ കേസും നിയമനടപടികളുമായി പോയിരിക്കുകയണെന്നും പഞ്ചായത്തിന് ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് പ്രസിഡന്റ് പറയുന്നത്.