വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കാൻ വെയർഹൗസ് നിർമാണം ഉടൻ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
1588452
Monday, September 1, 2025 5:33 AM IST
കോട്ടയം: കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍പട്ടിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. വെയര്‍ഹൗസ് നിര്‍മാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയര്‍ഹൗസില്ലാത്ത ഏകജില്ലയാണു കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയില്‍ തിരുവാതുക്കലിലുള്ള എപിജെ അബ്ദുല്‍ കലാം ഓഡിറ്റോറിയമാണ് നിലവില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ജില്ല ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
പുതിയതായി പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥലം മാറ്റുന്നതിനും ഉള്‍പ്പെടെയുള്ള ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ 31നു മുന്‍പ് നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതനുസരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ഡോ. രത്തന്‍ ഖേല്‍ക്കര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.