മെഡി. കോളജ് ആശുപത്രിയിലെ ഓണാഘോഷം : ശുചീകരണ തൊഴിലാളികളെ മാറ്റിനിർത്തിയെന്ന്
1588447
Monday, September 1, 2025 5:33 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ജീവനക്കാരുടെ ഓണാഘോഷത്തിൽ നിന്നും കുടുംബശ്രീ ജീവനക്കാരെ മാറ്റി നിർത്തിയതായി ആക്ഷേപം. കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓണാഘോഷം നടന്നത്. എന്നാൽ കുടുംബശ്രീയിൽപ്പെട്ട ആയിരത്തിൽ അധികം ശുചീകരണ തൊഴിലാളികളെ ഓണാഘോഷ പരിപാടികളിൽ പങ്കെടുപ്പിച്ചില്ല.
ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിൽനിന്നും കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ ഡിവിഷനിൽനിന്നുമുള്ള കുടുംബശ്രീയിൽപ്പെട്ട സ്ത്രീ തൊഴിലാളികളും ഇതിനു പുറമേ പുരുഷ തൊഴിലാളികളുമാണ് ശുചീകരണ വിഭാഗത്തിലുള്ളത്. ആശുപത്രിയിലെ വാർഡും കോമ്പൗണ്ടും വൃത്തിയാക്കുന്നത് ഈ തൊഴിലാളികളാണ്. ഇവർ ഒരു ദിവസം പണിമുടക്കിയാൽ ആശുപത്രി വൃത്തിഹീനമാകും.
ആശുപത്രി അധികൃതരും മറ്റു ജീവനക്കാരുടെ സംഘടനകളും മനസുവച്ചാൽ ശുചീകരണ തൊഴിലാളികളേയും ഓണാഘോഷ പരിപാടിയിൽ പങ്കെടുപ്പിക്കാമായിരുന്നു. അതേസമയം ആശുപത്രിയിൽ നടന്ന ഓണാഘോഷ പരിപാടികളിൽനിന്നു ഇവരെ മാറ്റി നിർത്തിയതിൽ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.