കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിൽ വഴിതടഞ്ഞ് തടികൾ
1589809
Sunday, September 7, 2025 10:47 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിൽ വാഹനയാത്രക്കാർക്ക് ഭീഷണിയായി പാതയോരത്തെ തടികളും കാടും. വത്തിക്കാൻസിറ്റി, തമ്പലക്കാട് പള്ളിപ്പടി എന്നിവിടങ്ങളിലാണ് പാതയോരത്ത് തടികൾ കൂട്ടിയിട്ടിരിക്കുന്നത്.
പലയിടങ്ങളിൽ നിന്നായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽനിന്ന് മുറിച്ചുനീക്കിയ തടികളാണ് പാതയോരത്ത് കൊണ്ടുവന്നിട്ടിരിക്കുന്നത്. തമ്പലക്കാട് പള്ളിപ്പടിയിൽ വളവിലാണ് തടികൾ കിടക്കുന്നത്. ഇവിടെ റോഡിന്റെ ഇരുവശത്തും തടികൾ തള്ളിയ നിലയിലാണ്. മാസങ്ങൾ കഴിഞ്ഞതോടെ ഇവ കാടുകയറി തുടങ്ങിയിട്ടുമുണ്ട്.
വത്തിക്കാൻസിറ്റിയിലും സ്ഥിതി വ്യത്യസ്തമല്ല. വലിയ തടികളാണ് ഇവിടെയും പാതയോരത്ത് ഇട്ടിരിക്കുന്നത്. യാത്രക്കാർ വാഹനങ്ങൾ നിർത്തി വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇവിടെ. തടികൾ ഇട്ടതോടെ വാഹനങ്ങൾക്ക് നിർത്താൻ കഴിയാത്ത സ്ഥിതിയാണ്.
തടികൾ ഇട്ടിരിക്കുന്ന സ്ഥലങ്ങളിൽ കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയുമുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറിയാൽ തടികളിൽ വന്നിടിച്ച് അപകടങ്ങളുണ്ടാകാനും സാധ്യത ഏറെയാണ്. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളും ഇവിടെ കൊണ്ടുവന്ന് ഇട്ടിട്ടുണ്ട്. ടാറിംഗ് നടത്തിയതിന്റെ അവശിഷ്ടങ്ങളും ഇവിടെ പാതയോരത്ത് തന്നെ കൂടിക്കിടപ്പുണ്ട്.
തമ്പലക്കാട് റോഡിൽ പല ഭാഗങ്ങളിലും ഇരുവശത്തും കാട് വളർന്നുനിൽക്കുകയാണ്. വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധമാണ് കാടുകൾ വളർന്നിരിക്കുന്നത്. തടി മാറ്റാൻ നടപടി സ്വീകരിക്കുന്നതിനൊപ്പം, കാഴ്മറക്കുന്ന കാട് കൂടി വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.