കാഞ്ഞിരപ്പള്ളിയുടെ ആത്മീയകേന്ദ്രമാണ് പഴയപള്ളി: മാർ മാത്യു അറയ്ക്കൽ
1589810
Sunday, September 7, 2025 10:47 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ പൗരാണികത്വവും ചരിത്രവും വിശ്വാസവും നിറഞ്ഞുനിൽക്കുന്ന ആത്മീയ കേന്ദ്രമാണ് പഴയപള്ളിയെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പഴയപള്ളിയിൽ അക്കരയമ്മയുടെ അടുക്കൽ എത്തുന്ന എല്ലാവർക്കും വലിയ അനുഗ്രഹമാണ് ലഭിക്കുന്നത്. ജപമാല നമുക്ക് കരുത്ത് പകർന്നു നൽകുന്ന ദൈവിക സമ്മാനമാണ്. പരിശുദ്ധ ജപമാല മുറുകെ പിടിച്ചവരാരും നശിച്ചു പോയിട്ടില്ല. നമ്മുടെ ഹൃദയത്തിലും കുടുംബങ്ങളിലും ജപമാല ചൊല്ലി പ്രാർഥിക്കണമെന്നും മാർ മാത്യു അറയ്ക്കൽ കൂട്ടിച്ചേർത്തു.
ഇന്ന് സമാപനം
എട്ടുനോമ്പാചരണം ഇന്നു സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്നായി ആയിരക്കണക്കിനു വിശ്വാസികളാണ് നോന്പിന്റെ ദിവസങ്ങളിൽ പഴയപള്ളിയിലെത്തി തിരുക്കർമങ്ങളിൽ പങ്കെടുത്തത്.
രാവിലെ മുതൽ വിതരണം ചെയ്തിരുന്ന നേർച്ചക്കഞ്ഞി കുടിക്കാനും വൈകുന്നേരങ്ങളിലെ ജപമാല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ഇന്നു വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
ഭക്തിയുടെ നിറവിൽ
ദിവ്യകാരുണ്യ പ്രദക്ഷിണം
കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ ഇന്നലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എട്ടുനോമ്പാചരണത്തിന്റെയും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന്റെയും ഭാഗമായാണ് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. സ്വർണക്കുരിശുകളുടെയും വെള്ളിക്കുരിശുകളുടെയും പുഷ്പവൃഷ്ടിയുടെയും അകന്പടിയോടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, പഴയപള്ളി റെക്ടർ ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.