ഇടിഞ്ഞുവീഴാനൊരുങ്ങി കുളപ്പുറത്തെ ബസ് കാത്തിരിപ്പുകേന്ദ്രം
1589811
Sunday, September 7, 2025 11:30 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കുളപ്പുറത്തെ ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ കമ്പികള്‍ തെളിഞ്ഞ് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. കമ്പികള്‍ തുരുമ്പിച്ചതോടെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ബലവും സംശയത്തിലാണ്.
സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് പല ഭാഗങ്ങളിലും അടര്‍ന്നുവീണ നിലയിലാണ്. ഈ സ്റ്റോപ്പിലെ യാത്രക്കാര്‍ക്ക് സുരക്ഷിതമായി കയറിനില്‍ക്കാനുള്ള ഏക ആശ്രയമാണ് കാത്തിരിപ്പുകേന്ദ്രം. യഥാസമയം അറ്റകുറ്റപ്പണികളും ശുചീകരണവും നടത്താത്തതിനാല്‍ കാത്തിരിപ്പുകേന്ദ്രം കാടുകയറി നാശത്തിന്റെ വക്കിലാണ്. വലിയ അപകടമുണ്ടാകുന്നതിന് മുന്‍പ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.