നോമ്പിന്റെ വിശുദ്ധിയിൽ ഇന്ന് മാതാവിന്റെ പിറവിത്തിരുനാൾ
1589815
Sunday, September 7, 2025 11:30 PM IST
കുറവിലങ്ങാട്: 180 മണിക്കൂറുകൾ ഇടമുറിയാതെ നടത്തിയ പ്രാർഥനയുടെ കരുത്തിലാണ് കുറവിലങ്ങാട്ടെ വിശ്വാസസമൂഹം ഇന്ന് ദൈവമാതാവിന്റെ പിറവിത്തിരുനാളിന്റെ ഭാഗമാകുന്നത്. നോമ്പിന്റെ വിശുദ്ധിക്കൊപ്പം പദയാത്രകളും തീർഥാടനങ്ങളുമായി ആയിരങ്ങളാണ് ഓരോദിവസവും മുത്തിയമ്മയ്ക്കരികിലേക്ക് എത്തിയത്. ഇന്നു രാവിലെ പത്തിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് മേരിനാമധാരീ സംഗമവും ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
മുത്തിയമ്മ ഇന്നലെ നഗരത്തിലൂടെ പ്രദക്ഷിണം നടത്തിയത് വ്യാപാരിമക്കളുടെ തോളിലേറി. ടൗണിലെയും സമീപസ്ഥലങ്ങളിലെയും വ്യാപാരികളാണ് ഇന്നലെ ജപമാലപ്രദക്ഷിണത്തിൽ മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിച്ചത്. ദൈവമാതാവിന്റെ പിറവിതിരുനാളിൽ സഹപ്രസുദേന്തിമാരായും വ്യാപാരികൾ തിരുനാളിനോട് ചേർന്ന് നിൽക്കുന്നുണ്ട്. ഡ്രൈവർമാർ, കർഷകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിച്ചത്.
രണ്ടായിരത്തോളം
വിദ്യാർഥികൾ
മുത്തിയമ്മയ്ക്കരികിൽ
കുറവിലങ്ങാട്: ജീവിക്കുന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് രണ്ടായിരത്തോളം കുട്ടികൾ മുത്തിയമ്മയ്ക്കരികിൽ.
മർത്ത്മറിയം സെൻട്രൽ സൺഡേ സ്കൂൾ, നസ്രത്ത്ഹിൽ തിരുക്കുടുംബം സൺഡേ സ്കൂൾ, കുര്യനാട് സെന്റ് ആൻസ് സൺഡേ സ്കൂൾ എന്നിവിടങ്ങളിലെ ഇടവകാംഗങ്ങളായ രണ്ടായിരത്തോളം വിദ്യാർഥികളാണ് നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ സംഗമിച്ച് മുത്തിയമ്മയ്ക്കരികിലേക്ക് ജപമാല ചൊല്ലി എത്തിയത്.
അസിസ്റ്റന്റ് വികാരിമാരും വിശ്വാസപരിശീലന കേന്ദ്രങ്ങളുടെ ഡയറക്ടർമാരുമായ ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, ഹെഡ്മാസ്റ്റർമാരായ ഡോ. റെന്നി എ. ജോർജ്, പ്രകാശ് നെടിയാനി, ജോസ് വട്ടംകുഴി എന്നിവരും വിശ്വാസപരിശീലകരും നേതൃത്വം നൽകി.
വിദ്യാർഥികൾക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, അസി. വികാരി ഫാ. പോൾ കുന്നുംപുറത്ത് എന്നിവർ അനുഗ്രഹാശംസകൾ നേർന്നു. ഫാ. കുര്യാക്കോസ് വട്ടമുകളേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.