പുണ്യശ്ലോകൻ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷികാചരണം
1589816
Sunday, September 7, 2025 11:30 PM IST
കടപ്ലാമറ്റം: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകൻ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും ശ്രാദ്ധവും നടന്നു. ഇന്നലെ രാവിലെ 10ന് വിശുദ്ധ കുർബാനയ്ക്കും നാമകരണ പ്രാർഥനയ്ക്കും ഒപ്പീസിനും ശ്രാദ്ധ വെഞ്ചരിപ്പിനും നിയുക്ത കല്യാൺ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു.
വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതമാതൃകയ്ക്കു തുല്യമായ ജീവിതം നയിച്ചിരുന്ന കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായിത്തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. ഫാ. അജോ പേഴുംകാട്ടിൽ സഹകാർമികനായിരുന്നു.
ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, അസി. വികാരി ജോസഫ് തേവർപറമ്പിൽ, കൈക്കാരന്മാരായ ജോസ് മാത്യു പഴുപ്ലാക്കിൽതെക്കേൽ, മാത്തുക്കുട്ടി തോമസ് പാലാംതട്ടേൽ, ഷാജി സെബാസ്റ്റ്യൻ കൊച്ചറക്കൽ, പള്ളി യോഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഫാ. ജോസഫ് തടത്തിൽ, ഫാ. സോനു കുളത്തൂർ, ഫാ. ടെൻസൺ കൂറ്റാരപ്പള്ളി, ഫാ. ജോസഫ് മുണ്ടക്കൽ, ഫാ. മാത്യു അറക്കപ്പറമ്പിൽ, ഫാ. സ്റ്റാബിൻ എന്നിവർ സന്നിഹിതരായിരുന്നു.