മണര്‍കാട് എട്ടുനോന്പ് പെരുന്നാൾ: ദര്‍ശനസായുജ്യം നേടി ആയിരങ്ങള്‍
1589818
Sunday, September 7, 2025 11:30 PM IST
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശനസായുജ്യം നേടി ആയിരങ്ങള്‍. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ ആയിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്ന് ദര്‍ശനപുണ്യമേകി കത്തീഡ്രലില്‍ ഇന്നലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന നട തുറന്നു.
പ്രധാന പള്ളിയുടെ മദ്ബഹയിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവനമാണ് നടതുറക്കല്‍ നടക്കുന്നത്. ഇന്നലെ രാവിലെ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയെത്തുടര്‍ന്ന് നടന്ന മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്ജരികള്‍ക്കു നടുവില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടന്നു.
നടതുറക്കല്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കും യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തിച്ച മെഴുകുതിരിയുമായി വൈദികരും ശെമ്മാശന്മാരും മദ്ബഹായില്‍ പ്രാര്‍ഥനാനിരതരായി നിന്നപ്പോള്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍ ഏകസ്വരത്തില്‍ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് ഏറ്റുപറഞ്ഞു ചടങ്ങില്‍ പങ്കെടുത്തു.
ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ച്ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത് വന്‍ തിരക്കാണ് പള്ളിയകത്തും പുറത്തും അനുഭവപ്പെട്ടത്.