പൊന്നിനും കറുത്ത പൊന്നിനും വിലക്കുതിപ്പിന്റെ തിരുവോണം
1589819
Sunday, September 7, 2025 11:30 PM IST
കോട്ടയം: പൊന്നും കറുത്ത പൊന്നും നോക്കിനില്‍ക്കെ ടോപ് ഗിയറില്‍ വിലക്കുതിപ്പിലാണ്. പവന് ദിവസം അഞ്ഞൂറും ആയിരവും രൂപ വീതമാണ് കയറ്റം. ഈ പോക്ക് തുടര്‍ന്നാല്‍ പവന് എണ്‍പതിനായിരം തൊടാന്‍ ദിവസങ്ങളേ വേണ്ടിവരൂ. പവന് 78,920 രൂപയിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10,940 രൂപ. പവന് 640 രൂപയാണ് കൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ മൂവായിരത്തില്പരം രൂപയുടെ കയറ്റം.
പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരു പവന് ആഭരണം വാങ്ങാന്‍ എണ്‍പത്തിയേഴായിരം രൂപ കരുതി വയ്ക്കണം. മാസങ്ങള്‍ക്കുള്ളില്‍ പവന് ഒരു ലക്ഷം എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വില അര ലക്ഷത്തില്‍നിന്ന് മുക്കാല്‍ ലക്ഷത്തിലെത്താന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂ. ജനുവരി 22നാണ് പവന് അറുപതിനായിരം കടന്നത്.
തുടര്‍ന്ന് ഫെബ്രുവരി 11ന് 64,000 കടന്നു. മാര്‍ച്ച് 14ന് 65,000 കടന്ന് ഏപ്രില്‍ 12ന് 70,000 തികച്ചു. ഏപ്രില്‍ 17ന് 71,000, ഏപ്രില്‍ 22ന് 74,000 എന്ന നിലയിലെത്തി.
ദീപാവലിയോടെ സ്വര്‍ണം ഗ്രാമിന് പന്ത്രണ്ടായിരം എത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര സ്വര്‍ണവില 3800 ഡോളറില്‍ എത്താനുള്ള സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ അനുസരിച്ചാണ് ആഭ്യന്തര സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും ചുങ്കപ്പിഴയുമൊക്കെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
സ്വര്‍ണത്തിന്റെ വിലക്കയറ്റം കുറച്ചുകാലംകൂടി തുടരുമെന്നും പിന്നീട് വില കുറയുമെന്നും പ്രവചിക്കുന്നവരുമുണ്ട്. അമേരിക്ക താരിഫ് നയത്തില്‍ അയവ് വരുത്തുകയും വിപണി പഴയപോലെ സജീവമാകുകയും ചെയ്യുമെന്നും അപ്പോള്‍ സ്വര്‍ണവില കുറയുമെന്നുമാണ് പ്രമുഖ വ്യാപാരികളുടെ നിഗമനം.
പൊന്നിനു പിന്നാലെ കുരുമുളക് അഥവാ കറുത്ത പൊന്നിന് കിലോ വില 705 കടന്നു. ഏതാനും മാസങ്ങള്‍ താഴ്ന്നുനിന്ന ശേഷം രണ്ടാഴ്ചയായി വില നന്നായി കയറുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ 40 രൂപയുടെ വര്‍ധന. ഈ മാസം 800 കടന്നേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ഡിമാന്‍ഡ് വര്‍ധിച്ചതും ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതുമാണ് ഇവിടെ വില മെച്ചപ്പെടാന്‍ കാരണം.
വിദേശത്തുള്‍പ്പെടെ ഇന്ത്യന്‍ കുരുമുളകിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ടായി. ഇക്കൊല്ലം ഏപ്രിലില്‍ 715 രൂപയിലെത്തിയ കുരുമുളക് 640 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. 2014-ലിലെ 740 രൂപയാണ് സമീപകാലത്തെ ഉയര്‍ന്ന നിരക്ക്. ദീപാവലി, ഹോളി ആവശ്യങ്ങള്‍ക്ക് കുരുമുളക് സ്റ്റോക്ക് ചെയ്യാന്‍ വടക്കേ ഇന്ത്യന്‍ വ്യാപാരികള്‍ താത്പര്യപ്പെടുന്നതിനാല്‍ വില 800 വരെ കയറിയേക്കാം. ഇക്കൊല്ലം വിലയില്‍ വലിയ താഴ്ച ഉണ്ടാകില്ലെന്നാണ് പ്രമുഖ മലഞ്ചരക്ക് വ്യാപാരികള്‍ പറയുന്നത്.