ഓണാഘോഷ പരിപാടികള്‍ക്കിടെ കല്ലറയില്‍ ഗുണ്ടാ ആക്രമണം
1589820
Sunday, September 7, 2025 11:30 PM IST
കല്ലറ: ഓണാഘോഷ പരിപാടികള്‍ക്കിടെ കല്ലറയില്‍ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തലയ്ക്കു സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലറ കിഴക്കേപാറയില്‍ മനേഷ് കുമാര്‍ (32), കല്ലറ മുടക്കാലിയില്‍ രാഹുല്‍ രാജ് (30) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമി സംഘം കല്ലറ ഇടപ്പുറത്ത് പ്രാലയില്‍ സജിയുടെ വീടിന്റെ ഗേറ്റ് തകര്‍ക്കാനും ശ്രമിച്ചു. ശനിയാഴ്ച രാത്രി പത്തോടെ കല്ലറ കുരിശുപള്ളിക്ക് സമീപം നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
കല്ലറ സൂര്യ ക്ലബ് നടത്തിയ ഓണാഘോഷ പരിപാടികള്ക്കിടെയെത്തിയ അക്രമിസംഘം അനീഷ് കെ. സുകുമാരന്‍ എന്നയാളുടെ വീടിന് മുന്നിലെത്തി ആദ്യം കൊലവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ പ്രദേശത്ത് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെയാണ് പരിപാടി കാണാനെത്തിയ രാഹുല്‍ രാജിന്റെയും ക്ലബ് കമ്മിറ്റിയംഗം മനേഷ് കുമാറിന്റെയും തലയ്ക്ക് പരിക്കേറ്റത്. അര മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഓണപ്പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. പ്രദേശത്തെ കഞ്ചാവ് മാഫിയയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കല്ലറ പഞ്ചായത്തംഗം ജോയി കല്പകശേരില് ആവശ്യപ്പെട്ടു. കല്ലറ സ്വദേശികളായ രണ്ട് യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.