എടവനക്കാട് കോരിച്ചൊരിയുന്ന മഴയത്തും കുടിനീരിനായി നെട്ടോട്ടം
1578436
Thursday, July 24, 2025 5:03 AM IST
ചെറായി: എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, 13 എന്നീ തീരദേശ വാർഡുകളിൽ കഴിഞ്ഞ10 ദിവസമായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് ഇതുവരെ പരിഹാരമായില്ല. കോരിച്ചൊരിയുന്ന മഴയത്തും തീരവാസികൾ കുടിനീരിനായി നെട്ടോട്ടമോടുകയാണ്. ഇതിനിടെ ഇന്നലെ മുതൽ ഇവിടെ കടൽവെള്ളം കയറാൻ തുടങ്ങിയത് തീരവാസികൾക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.
തുടർന്ന് ജനകീയ സമരസമിതി നേതാക്കൾ ഇന്നലെ എറണാകുളം വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെനേരിൽകണ്ടിരുന്നു. ചെറായി കൊമരന്തി പാലത്തിനടിയിൽ നടന്നുവരുന്ന പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ മാത്രമേ കുടിവെള്ളം പൂർണമായും എത്തുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ കഴിഞ്ഞ 10 ദിവസമായി തുടരുന്ന പണികൾ എന്ന് തീരും എന്നത് അനിശ്ചിതത്തിലാണ്.
അതേസമയം ഞാറക്കൽ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കളക്ടറുടെ അനുമതിയോട ടാങ്കറിൽ കുടിവെള്ളം എത്തിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നൽകിയതായി ജനകീയ സമരസമിതി കൺവീനർ എസ്.വൈ. സംജാദ് അറിയിച്ചു.