ആലുവ ജില്ലാ ആശുപതിയിൽ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞു
1579044
Sunday, July 27, 2025 4:39 AM IST
ആലുവ: ജില്ലാശുപത്രിയിൽ വൈദ്യുതി മുടങ്ങിയിട്ട് തുടർച്ചയായ മൂന്നാം ദിനവും പ്രശ്ന പരിഹാരമായില്ല. എക്സറെ, ലാബ് അടക്കം നിരവധി സേവനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. ജനറേറ്ററിലാണ് മറ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഡയാലിസ് കേന്ദ്രം, ബ്ലഡ് ബാങ്ക്, മോർച്ചറിയടക്കം നിരവധി പ്രവർത്തനങ്ങൾ ജില്ലാശുപത്രിയുടെ കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് രോഗികൾ വരുന്ന ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയതിൽ ആശുപത്രി വികസന സമിതിയും ഇടപെടുന്നില്ലെന്ന് രോഗികൾ കുറ്റപ്പെടുത്തി.
വൈദ്യുതി വിതരണത്തിലെ തകരാറ് ആര് പരിഹരണമെന്ന തർക്കമാണ് പ്രശ്നം നീണ്ടു പോകാൻ കാരണം. വൈദ്യുതി മീറ്റർ വരെയാണ് തങ്ങളുടെ ഉത്തരവാദിത്വം എന്നാണ് കെഎസ്ഇബിയുടെ നിലപാട്. വ്യാഴാഴ്ച രാത്രിയാണ് വൈദ്യുതി നിലച്ചത്. ജില്ലാശുപത്രിയുടെ ചുമതലയുള്ള മൂവാറ്റുപുഴ പി ഡബ്ലിയു ഡി ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞു.
ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലായതിനാൽ അറ്റകുറ്റപ്പണി എൽഎസ് ജി ഫണ്ട് അനുവദിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്നലെ ലാബ് പരിശോധന നടക്കാത്തതിനാൽ നിരവധി നിർധന രോഗികളാണ് ഡോക്ടറെ കാണാതെ തിരിച്ചു പോയത്. രോഗികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതായും പരാതി ഉയർന്നിട്ടുണ്ട്.