മത്സര ഓട്ടത്തിനിടെ "ഇടി'; ബസ് ഡ്രൈവര്‍ അറസ്റ്റില്‍
1578898
Saturday, July 26, 2025 4:37 AM IST
കൊച്ചി: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കണയന്നൂര്‍ തേവയ്ക്കല്‍ സ്വദേശിയും നഗരത്തിലോടുന്ന സെവന്‍സ് ബസിന്റെ ഡ്രൈവർ സില്‍വസ്റ്റര്‍ ഹര്ഷ്ലിയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. സമയക്രമത്തെ ചൊല്ലിയുള്ള മത്സര ഓട്ടത്തിനിടെ ഇന്നലെ ആയിരുന്ന സംഭവം.
സിവി സണ്‍സ്, സെവന്‍സ് എന്നീ സ്വകാര്യ ബസുകള്‍ പാലാരിവട്ടം ജംഗ്ഷനില്‍ നിന്നും കലൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നതിനിടെ സിവി സണ്‍സ് ബസിന്റെ മുന്‍വശത്ത് സെവന്‍സ് ബസ് ഇടിപ്പിച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ വശത്തെ ഗ്ലാസ് തകര്‍ന്ന് ഡ്രൈവറുടെ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഗ്ലാസ് കഷണം ഡ്രൈവറുടെ കണ്ണില്‍ തറച്ചു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ജീവഹാനി ഉണ്ടായേക്കാവുന്ന അപകടമുണ്ടാക്കിയത് കണക്കിലെടുത്താണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.