ബൈക്കിന് തുടര്‍ച്ചയായ‘പണി': നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
1579037
Sunday, July 27, 2025 4:27 AM IST
കൊച്ചി: എന്ജിന് തകരാറിനെ തുടർന്ന് പുതിയതായി വാങ്ങിയ ബൈക്ക് ഉപയോഗിക്കാൻ കഴിയാതെ വന്ന സംഭവത്തില്‍ 30,000 രൂപ നഷ്ടപരിഹാരവും ആറു മാസം എക്സ്റ്റന്‍ഡഡ് വാറന്റിയും ഉപഭോക്താവിന് നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഹീറോ മോട്ടോ കോർപ് ലിമിറ്റഡ്, തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പാലാല്‍ മോട്ടോഴ്സ് എന്നിവര്‍ക്കെതിരെ പെരുമ്പാവൂര്‍ റയണ്പുരം സ്വദേശി എ.പി. സോമശേഖരന്‍ നല്കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2021 സെപ്റ്റംബറിലാണ് പാലാല്‍ മോട്ടോഴ്സില്‍നിന്ന് സോമശേഖരന്‍ ഹീറോ ഗ്ലാമര്‍ ബൈക്ക് വാങ്ങിയത്. അന്നുമുതൽ ആവര്‍ത്തിച്ചുള്ള തകരാറുകള്‍ ബൈക്കിന് ഉണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ സര്‍വീസ് സെന്ററുകള്‍ക്ക് കഴിഞ്ഞില്ല. എന്ജിന് തകരാറുകള്‍ക്ക് കാരണം നിര്‍മാണത്തിലെ പിഴവാണെന്ന് പരാതിയില്‍ പറയുന്നു.
കോടതി നിയോഗിച്ച എക്സ്പെര്‍ട്ടുകളുടെ റിപ്പോര്‍ട്ടും ഇത് ശരിവച്ചു. തുടർന്ന് ആറു മാസത്തെ എക്സ്റ്റന്‍ഡഡ് വാറന്റി നല്‍കാനും, കോടതി ചെലവിനത്തില്‍ 30,000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനകം നല്കുവാനും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിധിക്കുകയായിരുന്നു.